
മുംബൈ: ആഗസ്റ്റ് മാസത്തിൽ മഴയുടെ കുറവ് മൂലം ആശങ്കയിലായിരുന്ന ബിഎംസി അധികൃതർ ക്ക് ആശ്വാസമായി നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജല സംഭരണികളിലെ ഏറ്റവും പുതിയ കണക്ക്. ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഈ ആഴ്ച നഗരത്തിൽ 100 മില്ലിമീറ്ററിലധികം മഴലഭിച്ചത്. നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലെ ജലശേഖരത്തിന്‍റെ 3 ശതമാനം കൂടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീണ്ടും മഴ ലഭിച്ചത് മൂലം തൻസ, തുളസി, വിഹാർ തടാകങ്ങൾ കവിഞ്ഞൊഴുകാൻ കാരണമായി.നഗരത്തിലെ ജലസ്രോതസ്സുകൾക്ക് കൂടുതൽ പ്രചോദനമായി മോദക് സാഗർ തടാകവും ശനിയാഴ്ച രാവിലെ കരകവിഞ്ഞൊഴുകാൻ തുടങ്ങി.നിലവിലെ തടാകങ്ങളിലെ മൊത്തം കണക്ക് പ്രകാരം 350 ദിവസത്തേക്കുള്ള സ്റ്റോക്ക് ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അതേസമയം രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ശേഷം ശനിയാഴ്ച കാലവർഷം വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തി. സെപ്റ്റംബറിൽ ശരാശരി പ്രതിമാസ മഴയുടെ 50 ശതമാനം ക്വാട്ട രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാലാവസ്ഥാ നിരീക്ഷകർ അടുത്ത ദിവസങ്ങളിൽ ചെറിയ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിലുള്ള 24 മണിക്കൂർ കാലയളവിൽ, സാന്താക്രൂസിൽ 76 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ കൊളാബയിൽ 53 മില്ലിമീറ്റർ മഴ ലഭിച്ചു.
കാലക്രമേണ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ കനത്ത മൺസൂണിന് സാധ്യതയുണ്ടെങ്കിലും മുംബൈയിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.