

അജിത് പവാർ
File photo
പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിനു കാരണമായ വിമാനാപകടത്തില്‍ ബാരാമതിയിലെ എയര്‍ഫീല്‍ഡില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി ആരോപണം. വ്യോമയാന വിദഗ്ധനും പൈലറ്റുമായ ക്യാപ്റ്റന്‍ കബീര്‍ മാലിക്കാണ് ബാരാമതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്.
പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ ലാന്‍ഡിങ് ഉപേക്ഷിച്ച ശേഷം വീണ്ടും വിമാനം ഇവിടെ ഇറക്കിയത് എന്തിനാണെന്നും അദ്ദേഹം സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതാണ് പതിവ്. ആരുടെ സമ്മര്‍ദ പ്രകാരമാണ് വീണ്ടും വിമാനം ഇവിടെ ഇറക്കിയതെന്നുമാണ് ചോദ്യം.
ഗൂഢാലോചനാ വാദം പവാര്‍ കുടുംബം തള്ളിയിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ സത്യം പുറത്ത് വരുകയുള്ളു. ഇത് ഒരു അപകട മരണമാണെന്നും മറ്റെല്ലാ വാദങ്ങളും തള്ളിക്കളയുന്നെന്നും ശരദ് പവാര്‍ ബുധനാഴ്ച വൈകിട്ട് പ്രതികരിച്ചിരുന്നു.