ajit pawar
ajit pawar

'യഥാർത്ഥ' എൻസിപി അജിത് വിഭാഗം തന്നെയെന്ന് മഹാരാഷ്ട്ര സ്പീക്കറും

മുംബൈ: വ്യാഴാഴ്ച നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ എൻസിപി പാർട്ടിയായി പ്രഖ്യാപിച്ചത് മുതിർന്ന നേതാവ് ശരദ് പവാറിന് വീണ്ടും കനത്ത തിരിച്ചടിയായി. ശരദ് പവാർ വിഭാഗവും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും പരസ്പരം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും അദ്ദേഹം തള്ളി. പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടെങ്കിൽ പാർട്ടിയുടെ ഭരണഘടന പ്രകാരം അവർക്കെതിരെ നടപടിയെടുക്കാമെന്നും എന്നാൽ ബന്ധപ്പെട്ട എംഎൽഎമാരെ അയോഗ്യരാക്കാൻ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ ഉപയോഗിക്കേണ്ടതില്ലെന്നും നർവേക്കർ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂറുമാറ്റങ്ങളാണ് പത്താം ഷെഡ്യൂളിൽ പറയുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പവാർ ജൂനിയറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയെ യഥാർത്ഥ എൻസിപിയായി പ്രഖ്യാപിക്കുകയും അതിന് തിരഞ്ഞെടുപ്പ് ചിഹ്നമായ "ക്ലോക്ക്" അനുവദിക്കുകയും ചെയ്തിരുന്നു.

പാർട്ടിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുമ്പോൾ, ശിവസേനയുടെ നേരത്തെയുള്ള ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ താൻ പ്രയോഗിച്ച അതേ മാനദണ്ഡമാണ് നർവേക്കർ പ്രയോഗിച്ചിരിക്കുന്നത്. 53 എൻസിപി എംഎൽഎമാരിൽ 41 എംഎൽഎമാരും അജിത് പവാർ വിഭാഗത്തെ പിന്തുണച്ചിട്ടുണ്ടെന്നും വിധാൻസഭയിൽ ഭൂരിപക്ഷം അവർക്കാണെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാർ വിഭാഗം ഹർജിയിൽ ഈ ഘടകം പരിഗണിച്ചിട്ടില്ല. ഉത്തരവ് നൽകുമ്പോൾ നർവേക്കർ മൂന്ന് ഘടകങ്ങൾ പരിഗണിച്ചു. ഒന്ന് എൻസിപിയുടെ ഭരണഘടന, ഇന്ത്യൻ ഭരണഘടന, മൂന്നാമത്തേത് വിധാൻസഭയിലെ ഭൂരിപക്ഷ പിന്തുണ. ശരദ് പവാറിനെ തിരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. 2023 ജൂൺ 29 വരെ ശരദ് പവാർ മാത്രമാണ് പാർട്ടി അധ്യക്ഷൻ, എന്നാൽ ജൂൺ 30 ന് രണ്ട് പേർ (ശരദ് പവാറും അദ്ദേഹത്തിന്‍റെ അനന്തരവൻ അജിത് പവാറും) പാർട്ടി അധ്യക്ഷനാണെന്ന് അവകാശപ്പെട്ടു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com