
മുംബൈ: കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ദേശീയ വോട്ടേഴ്‌സ് ദിനമായ ജനുവരി 25 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര ഘടകം. "ജനുവരി 25 ന് മഹാരാഷ്ട്രയിലുടനീളം പാർട്ടി ജില്ലാ, താലൂക്ക് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
പാർട്ടിയുടെ പ്രധാന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും. 2024 നവംബറിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തെരെഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകളിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ തുരങ്കം വച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) പ്രസിഡന്‍റ് നാന പടോലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്മിഷനെ ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞു, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ വിശ്വാസ്യതയിൽ ഗുരുതരമായ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും വിജയിച്ചത് സത്യസന്ധമായ മാർഗത്തിലൂടെയല്ല, കുതന്ത്രത്തിലൂടെയും വഞ്ചനയിലൂടെയുമാണ്.
അതിനാൽ ഞങ്ങളുടെ പാർട്ടി തിരുമാനിച്ചു. സംസ്ഥാനത്തുടനീളം ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം സംഘടിപ്പിക്കും. പടോലെ പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള ചില കോൺഗ്രസ് നേതാക്കൾ സംസ്ഥാനം സന്ദർശിക്കുകയും വിഷയം ഉയർത്തിക്കാട്ടാൻ മാധ്യമങ്ങളുമായി സംവദിക്കുമെന്നും പടോലെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളിൽ 230 സീറ്റുകൾ പിടിച്ചെടുത്ത് മഹായുതി അധികാരം നിലനിർത്തി. ബിജെപി 132 സീറ്റും ശിവസേന 57 സീറ്റും എൻസിപി 41 സീറ്റും നേടി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)യിൽ ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസ് 16 സീറ്റുകളിലും എൻസിപി (എസ്പി) സ്ഥാനാർഥികൾ 10 സീറ്റുകളിലും വിജയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ വോട്ടർമാരുടെ എണ്ണം 50 ലക്ഷം വർദ്ധിച്ചത് എങ്ങനെ, പോളിങ് ദിവസം വൈകുന്നേരം 5 മണിക്ക് ശേഷം 76 ലക്ഷം വോട്ടുകൾ എങ്ങനെ ചേർത്തു? സുതാര്യത ആവശ്യപ്പെട്ടിട്ടും ECI ഒരു ഡാറ്റയും നൽകിയില്ല. ഇപ്പോൾ, ഒരു ബിൽ വോട്ടിങ് വിശദാംശങ്ങൾ സാധാരണക്കാരുമായി പങ്കിടുന്നത് നിയന്ത്രിക്കാൻ ലോക്‌സഭയിൽ പാസാക്കി,” അദ്ദേഹം പറഞ്ഞു.
സിസിടിവി ക്യാമറ, വെബ്‌കാസ്റ്റിംഗ് ഫൂട്ടേജുകൾ, സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയാൻ ചില ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയാൻ കഴിഞ്ഞ മാസം സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം തിരുത്തിയതിനെക്കുറിച്ചാണ് കോൺഗ്രസ് നേതാവ് പരാമർശിച്ചത്.