

മുംബൈ: ലോകായുക്ത നിയമം നടപ്പാക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ജനുവരി 30 മുതല്‍ റാലെഗണ്‍ സിദ്ധിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ക്ക് ഈ നിയമം ആവശ്യമാണെങ്കിലും വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ഹസാരെ പറഞ്ഞു.
ലോകായുക്ത നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ റാലെഗണ്‍ സിദ്ധിയില്‍ ഹസാരെ നിരാഹാരസമരം നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്‍റെ മധ്യസ്ഥതയില്‍ പ്രതിഷേധം പിന്‍വലിച്ചു.
തുടര്‍ന്ന് ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ലോകായുക്ത നിയമത്തിന്‍റെ കരട് തയാറാക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളും ഈ നിയമനിര്‍മാണം പാസാക്കുകയും പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഇതാണ് പ്രതിഷേധത്തിന് കാരണമെന്നും ഹസാരെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് ഏഴ് കത്ത് എഴുതിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലയെന്നതും ഹസാരെ പ്രകോപിതനാകാന്‍ കാരണമാണ്.