മുംബൈ: ബദ്‌ലാപൂർ സ്‌കൂൾ ലൈംഗിക പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെ (23)യുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാലാണ് കോടതി കനത്ത സുരക്ഷയൊരുക്കിയത്. പ്രതിയെ കല്യാണിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഇന്ന് ഹാജരാക്കും. കനത്ത പൊലീസ് സുരക്ഷയിൽ ഇയാളെ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും കോടതി പരിസരത്ത് ആരെയും കടക്കാൻ അനുവദിക്കില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
നാല് വയസുള്ള രണ്ട് പ്രീ-സ്‌കൂൾ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച ഷിൻഡെയ്‌ക്കെതിരെ പൊതുജന രോഷം കണക്കിലെടുത്താണ് സുരക്ഷാ നടപടി. അതിനിടെ, മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഷിൻഡെയുടെ പിതാവിനെ ശനിയാഴ്ച വീണ്ടും വിളിച്ചുവരുത്തി. പുതിയ സൂചനകൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇയാളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു.
സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ കരാർ അടിസ്ഥാനത്തിൽ എടുത്ത ജീവനക്കാരൻ ആണ് ഷിൻഡെ, ജോലിയിൽ പ്രവേശിച്ച് 10 ദിവസത്തിനുള്ളിലാണ് ഈ സംഭവം നടന്നത്.പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഓഗസ്റ്റ് 17 ന് അറസ്റ്റ് ചെയ്ത ഇയാളെ ഓഗസ്റ്റ് 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു, പിന്നീട് ഓഗസ്റ്റ് 26 വരെ നീട്ടി. അതേസമയം, സംഭവം നടന്ന സ്‌കൂൾ ശനിയാഴ്ച വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.