
മുംബൈ :പ്രശസ്ത ചിത്രകാരൻ മോഹനൻ വാസുദേവന്റെ 'ബിയോണ്ട് ബൗണ്ടറിസ് 'എന്ന ചിത്രപ്രദർശനം വർളി നെഹ്റു സെൻറർ ആർട്ട് ഗാലറിയിൽ ഈ മാസം 17 മുതൽ 23 വരെ നടക്കും.17 ന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജെ.ജെ സ്കൂൾ ഓഫ് ആർട്ടിലെ പ്രൊഫ.രാജേന്ദ്ര പാട്ടീൽ മുഖ്യാതിഥിയായിരിക്കും. സിനിമ നിർമ്മാതാവും സംവിധായകമായ മധുസൂദൻ കുമാർ, ഡോ.ഉത്തം വി ജെയിൻ, മഹേന്ദ്രകാലന്ത്രി, ഡോ.അനിൽ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.
ഗുഹാ ചിത്ര പരമ്പരയിലെ എവല്യൂഷൻ, മനുഷ്യനിൽ അന്തർലീനമായ മൃഗീയ ഭാവങ്ങൾ വരച്ചു കാട്ടുന്ന മസിൽ പവർ, ഗാന്ധിജിയുടെ വ്യത്യസ്ഥമായ ചിന്തകളുടെ ആവിഷ്ക്കാരം, കോവിഡ് കാലഘട്ടത്തിലെ വ്യത്യസ്ഥ നിമിഷങ്ങൾ, പവർ ഓഫ് ഹോഴ്സ്, കളേഴ്സ് ഓഫ് ലൗ, ഒർജിൻ , 'ഡ്യുവാലിറ്റി, ആംബുഷ്, തുടങ്ങിയ 63 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഓയിൽ, ജലഛായം, അക്രിലിക്, പെൻസിൽ ആൻറ് ഇങ്ക്, ചാർക്കോൾ എന്നീ മീഡിയത്തിൽ ക്യാൻവാസിലും പേപ്പറിലും മാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയാണ് മോഹനൻ വാസുദേവൻ.
ഇന്ത്യൻ ആർമി കോർപ്സ് ഓഫ് സിഗ്നൽസിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.കേരളീയ മ്യൂറൽ ചിത്രകലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വരകൾക്കും വർണ്ണങ്ങൾക്കും പ്രാധാന്യം നൽകി ആധുനിക ചിത്രകലാ സമ്പ്രദായത്തിലെ 'സെമി അബ്സ്ട്രാക്ട്' രീതി പിൻതുടരുന്ന പ്രതിഭയായ ചിത്രകാരനാണ് മോഹനൻ വാസുദേവൻ.അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നിരവധി ചിത്രകലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 'കേരള ഇമേജസ്' ട്രാവൻകൂർ ആർട്ട് ഗാലറി ന്യൂ ഡൽഹി 2005, 'കളേഴ്സ് ഓഫ് ഇൻഡിപെണ്ടൻറ് 75 ഇയേഴ്സ് ഓഫ് ആർട്ട് ' ബോoബേ ആർട്ട് സൊസൈറ്റി,2021.
'പെർസോണ' ഗ്രൂപ്പ് എക്സിബിഷൻ ജഹാൻ ഗീർ ആർട്ട് ഗ്യാലറി, മുoബൈ 2001, വിവിഡ് ഹ്യൂസ് നാഷണൽ എക്സിബിഷൻ കെ സി പി ആർട്ട് ഗ്യാലറി, ബാoഗ്ലൂർ 2022, ബ്ളോസം ഓഫ് ആർട്ട് ഇന്റർനാഷണൽ ഓൺ ലൈൻ എക്സിബിഷൻ, ഇന്റർനാഷണൽ ഫ്രണ്ട് ഷിപ്പ് ആർട്ട് എക്സിബിഷൻ 2022,മതിലയ്ൻ ആർട്ട് ഗാലറി, കാഠ്മണ്ഡു, നേപ്പാൾ എന്നിവിടങ്ങളിലെ പ്രദർശനം ഏറെ ശ്രദ്ധേയമാക്കി. നിരവധി അന്തർദേശീയ, ദേശീയ, സംസ്ഥാന തല പുരസ്കാരങ്ങൾക്ക് മോഹനൻ വാസുദേവൻ അർഹനായിട്ടുണ്ട്.