
മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (അജിത് പവാർ) നവാബ് മാലിക്കിനെ 'തീവ്രവാദി 'എന്ന് വിളിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ. എൻസിപി നിലപാട് ശരിയല്ലെന്നും രാജ്യത്തെ തകർക്കാനാണ് മാലിക് ശ്രമിച്ചതെന്നും സോമയ്യ ആരോപിച്ചു. നവാബ് മാലിക് ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ച ഭീകരനാണ്. ഇയാൾ ദാവൂദിന്‍റെ ഏജന്‍റാണ്,നവാബ് മാലിക്കിന് ടിക്കറ്റ് നൽകി അജിത് പവാറിന്‍റെ എൻസിപി രാജ്യത്തെ വഞ്ചിച്ചു. മഹായുതിക്ക് വേണ്ടി,ബിജെപി ഏകനാഥ് ഷിൻഡെയുടെ സ്ഥാനാർത്ഥി സുരേഷ് കൃഷ്ണ പാട്ടീലിനായി ഇന്നലെ പ്രചാരണം ആരംഭിച്ചു," സോമയ്യ പറഞ്ഞു.
നവാബ് മാലിക് ചൊവ്വാഴ്ചയാണ് മാൻഖുർദിൽ പത്രിക സമർപ്പിച്ചത്. മാൻഖുർദിൽ ശിവസേന(ഷിൻഡെ വിഭാഗം)സുരേഷ് കൃഷ്ണ പാട്ടീലിനെ 'ഔദ്യോഗിക' സ്ഥാനാർത്ഥിയായി ഭരണ സഖ്യം പ്രഖ്യാപിച്ചതിനാൽ ഇത് മഹായുതിക്ക് തലവേദനയായി.
അതേസമയം നവാബ് മാലിക്കിന് വേണ്ടി തന്‍റെ പാർട്ടി പ്രചാരണത്തിനില്ലെന്ന് മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ പ്രഖ്യാപിച്ചു. അണുശക്തി നഗറിൽ നിന്നുള്ള എംഎൽഎയാണ് മാലിക്.മൻഖുർദ് ശിവാജി നഗർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഈ മാസം ആദ്യം തന്നെ മാലിക് പ്രഖ്യാപിച്ചിരുന്നു. നവാബ് മാലിക്കിന്‍റെ മകൾ സന മാലിക് ഇത്തവണ എൻസിപി ടിക്കറ്റിൽ (അജിത് പവാർ വിഭാഗം) അണുശക്തി നഗറിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നവംബർ 20-ന് നടക്കും. വോട്ടെണ്ണൽ നവംബർ 23 നും നടക്കും.