ശരദ് പവാർ സ്വയം ആത്മപരിശോധന നടത്തണം, എന്നിട്ട് ബിജെപിയെ കുറ്റം പറയുക;ബിജെപി അധ്യക്ഷൻ ബവൻകുലെ

ശരദ് പവാർ സ്വയം ആത്മപരിശോധന നടത്തണം, എന്നിട്ട് ബിജെപിയെ കുറ്റം പറയുക;ബിജെപി അധ്യക്ഷൻ ബവൻകുലെ

'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻ‌സി‌പി) പിളർപ്പിന് ഉത്തരവാദി ശരദ് പവാർ തന്നെയാണ്'
Published on

മുംബൈ: ബിജെപിയെ വെറുക്കുന്നതിനു പകരം സ്വന്തം കുടുംബത്തെയും പാർട്ടിയെയും ഒപ്പം നിർത്താൻ ശരദ് പവാർ ശ്രമിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബവൻകുലെ, പാർട്ടി യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ ബിജെപിക്കെതിരെ നടത്തിയ വിമർശനത്തിന് ശരദ് പവാറിനെതിരെ രൂക്ഷമായ ഭാഷയിൽ ആണ് ഇദ്ദേഹം പ്രതികരിച്ചത്‌.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻ‌സി‌പി) പിളർപ്പിന് ഉത്തരവാദി ശരദ് പവാർ തന്നെയാണ്, അല്ലാതെ ബിജെപിയല്ല, ”ഇപ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ ഉദ്ധരിച്ച് ബവൻകുലെ പറഞ്ഞു

“ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, ശരദ് പവാർ ആത്മപരിശോധന നടത്തണം, സ്വന്തം കുടുംബത്തെയും പാർട്ടിയെയും നോക്കണം, ബിജെപിക്കെതിരെ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. പാർട്ടി തന്നോടൊപ്പമില്ല, പാർട്ടി പ്രവർത്തകർ തന്നെ കൈയൊഴിയുന്നു, സംസ്ഥാനവുമായും കേന്ദ്ര സർക്കാരുമായും ഉള്ള ബന്ധം നല്ലതല്ല, കുടുംബാംഗങ്ങൾ പോലും തന്നിൽ നിന്ന് അകന്നുപോകുന്നു എന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ. ഇതിലും എത്രയോ മോശമാകും ഇനിയും'', എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദി ലോകത്തിലെ ഏറ്റവും വലിയ നേതാവാണ്, അമിത് ഷാ തന്‍റെ പ്രവർത്തനത്തിലൂടെ രാജ്യത്ത് തന്‍റേതായ ഇടം നേടിയിട്ടുണ്ട്. എന്നാൽ, 40 മുതൽ 50 വർഷം വരെ രാഷ്ട്രീയത്തിൽ ആയിരുന്നിട്ടും, ശരദ് പവാറിന് സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കാൻ കഴിഞ്ഞില്ല, അതേസമയം നമ്മുടെ നേതാക്കൾക്ക് അത് ചെയ്യാൻ കഴിയും, ”പവാറിനെ വിമർശിച്ച് ബവൻകുലെ കൂട്ടിച്ചേർത്തു.

അജിത് പവാറിന്‍റെ എൻസിപി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്ന അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സീറ്റ് പങ്കിടൽ ചർച്ചകൾ എന്‍റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ബവൻകുലെ പ്രതികരിച്ചു. സാധാരണഗതിയിൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വരെ സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com