
മഴയില്‍ ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായി ബിഎംസി
മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ലോക്കല്‍ ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. ചൊവാഴ്ച കനത്ത മഴയെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളില്‍ പലതും റദ്ദാക്കിയതോടെ ആയിരകണക്കിന് പേരാണ് വിവിധ സ്റ്റേഷനുകളിലും ട്രെയിനുകളിലും കുടുങ്ങിയത്.
പ്രധാന ജങ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളം, ചായ, ബിസ്‌കറ്റ്, ലഘുഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കള്‍ ബിഎംസി ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തു.
ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ സ്തംഭിച്ചതോടെ ലഘുഭക്ഷണം നല്‍കിയ നടപടി പ്രശംസിക്കപ്പെട്ടെങ്കിലും മഴയില്‍ വീണ്ടും നഗരം വെള്ളക്കെട്ടായതില്‍ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷവും ശിവസേന ഉദ്ധവ് വിഭാഗവും രംഗത്തെത്തി.