
കിണറുകളുടെയും ടാങ്കറുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ബിഎംസി
മുംബൈ: കിണറുകളുടെയും സ്വകാര്യ ടാങ്കറുകളുടെയും നിയന്ത്രണം മുംബൈയില്‍ ബിഎംസി ഏറ്റെടുത്തു. മുംബൈ വാട്ടര്‍ ടാങ്കര്‍ അസോസിയേഷന്‍ (എംഡബ്ല്യുടിഎ) ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്കിനെത്തുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കടുത്ത നടപടികളിലേക്ക് കടന്നത്.
നഗരത്തില്‍ വെള്ളം വിതരണംചെയ്യുന്നതിന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങണമെന്ന് ടാങ്കര്‍ ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയതോടെയാണ് സമരം ആരംഭിച്ചത്.
ഭൂഗര്‍ഭജലശേഖരണത്തിനുള്ള നിയന്ത്രണങ്ങളില്‍നിന്ന് ബിഎംസി താത്കാലിക ആശ്വാസം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മുംബൈ വാട്ടര്‍ ടാങ്കര്‍ അസോസിയേഷന്‍ ബിഎംസിയുടെ നടപടികളെ ശക്തമായി എതിര്‍ക്കുകയാണ്,
ചര്‍ച്ചയ്ക്ക് ടാങ്കര്‍ അസോസിയേഷന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഫഡ്‌നവിസ് നഗരസഭാ കമ്മിഷണര്‍ ഭൂഷണ്‍ ഗഗ്രാനിയോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കേന്ദ്ര ഭൂഗര്‍ഭജല അതോറിറ്റിയുടെ എന്‍ഒസി ഇല്ലാതെ ഭൂഗര്‍ഭജല സ്രോതസ്സുകളില്‍നിന്ന് വെള്ളമെടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ 15 വരെ തുടരാന്‍ ബിഎംസി അനുവാദം നല്‍കിയെങ്കിലും ടാങ്കര്‍ അസോസിയേഷന് ഇത് സ്വീകാര്യമായില്ല.