ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടു പോയി

തൃശൂരിൽ നിന്ന് ആംബുലൻസുമായി എത്തിയ ബന്ധുക്കൾ ഇന്ന് രാവിലെ ഖേഡ് താലൂക്ക് ആശുപത്രിയിലെത്തിച്ചേർന്നു
ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടു പോയി

മുംബൈ: തൃശൂർ പെരിഞ്ഞനം സ്വദേശിയും മുംബൈ മാട്ടുംഗയിലെ കേരള സ്റ്റോർ( സുമതി എന്റർപ്രൈസസ് ) ജീവനക്കാരനുമായ ശ്രീനിവാസൻ (64),ഈ മാസം 16 നാണ് 16345 നേത്രാവതി എക്സ്പ്രസ്സിൽ(S4-73) തൃശൂരിലേക്ക് യാത്ര തിരിച്ചത്. എന്നാൽ യാത്രക്കിടയിൽ കൊങ്കൺ മേഖലയിലെ രത്നഗിരി ജില്ലയിലെ ഖേഡ് റെയിൽവെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിനോട് ചേര്‍ന്ന് വൈകിട്ട് 4 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ ആയ ശ്രീനിവാസനെ റെയിൽവെ അധികാരികളും ഖേഡ് പോലീസും ചേർന്ന് ഖേഡ് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മുംബൈയിൽ നിന്നുളള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെ ഖേഡ് ആശുപത്രിയിലെത്തുകയും നിയമ- മെഡിക്കൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് 12.30 തിന് പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ആയിരുന്നു.മരണകാരണം ഹൃദയ സ്തംഭനം ആണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം തൃശൂരിൽ നിന്നും ആംബുലൻസുമായി എത്തിയ ബന്ധുക്കൾ ഇന്ന് രാവിലെ ഖേഡ് താലൂക്ക് ആശുപത്രിയിലെത്തിച്ചേർന്നു. ശ്രീനിവാസന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഇന്ന് രാവിലെ 11.30 ന് ആംബുലൻസ് തൃശൂരിലേക്ക് തിരിച്ചു.

ഈ വിഷയമറിഞ്ഞ എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് പി ബിജുകുമാർ ആണ് ഏപ്രിൽ 16 വൈകിട്ട് 7.10ന് ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദിയിൽ റിപ്പോർട്ട് ചെയ്തത്. ശേഷം ഈ വിവരം അറിഞ്ഞു യാത്രാസഹായ വേദി അംഗങ്ങളായ ഖേഡ് മലയാളി സമാജം പ്രസിഡന്റ് ചിദംബരൻ,സെക്രട്ടറി ഷജീവൻ, പ്രജിത്ത്, ജോളി വടക്കൂട്ട് തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ഖേഡ് പോലീസ് സ്റ്റേഷനിലും,ഖേഡ് റെയിൽവെ സ്റ്റേഷനിലും ബന്ധുക്കൾക്ക് ആവശ്യമായ എല്ലാവിധ തുടർ സഹായങ്ങളും ഇവർ നൽകിയതായി യാത്ര സഹായ വേദി അറിയിച്ചു.ശ്രീനിവാസന്റെ പണവും രേഖകളും മറ്റുമടങ്ങിയ ബാഗ് കണ്ടെത്തുവാനായി Rail Madad മുഖേന അപേക്ഷ നൽകിയതുമൂലം RPF/GRP ഉദ്യോഗസ്ഥർ ട്രെയിനിൽ നിന്നും ബാഗ് കണ്ടെത്തി തിവിം റെയിൽവേ സ്റ്റേഷനിൽ ഏല്പിക്കുകയും അത് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com