
മുംബൈ: സ്‌കൂളുകളിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ അർഥശൂന്യമാകുമെന്ന് ബോംബെ ഹൈക്കോടതി. ''സ്കൂളുകൾ സുരക്ഷിതമല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലുള്ള ആശയങ്ങൾക്ക് എന്ത് മൂല്യമുണ്ട്? 4 വയസുള്ള പെൺകുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്,"
ബദ്‌ലാപൂർ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബെഞ്ചിന്‍റെ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് മൊഹിതേ-ദെരെ അഭിപ്രായപ്പെട്ടത്. സ്ത്രീകൾക്കെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നാല് കേസുകളെങ്കിലും നാം ദിവസവും കാണുന്നുണ്ട്, അത് ശരിയായ രീതിയിൽ അന്വേഷിക്കപ്പെടുന്നില്ല... ഇത് ദയനീയമാണെന്നും കോടതി പറഞ്ഞു.
പെൺകുട്ടികൾ പരാതി നൽകിയിട്ടും സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാത്തതിന് ലോക്കൽ പൊലീസിനെയും കോടതി വിമർശിച്ചു. ആളുകൾ പ്രതിഷേധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വകുപ്പ് അന്വേഷിക്കില്ലേ? ജനങ്ങൾ പ്രതിഷേധിച്ചില്ലെങ്കിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണില്ല എന്ന സൂചന നൽകാനാണോ മഹാരാഷ്ട്ര സംസ്ഥാനം ശ്രമിക്കുന്നത്? എല്ലാ ദിവസവും കേൾക്കുന്നത് ബലാത്സംഗങ്ങളോ പോക്സോ കേസുകളോ ആണെന്നും ജസ്റ്റിസ് ഗഡ്കരി പറഞ്ഞു.