നിരോധിച്ച 500 രൂപ നോട്ടുകള്‍ മാറി നല്‍കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി ബോംബെ ഹൈക്കോടതി

ഗിരീഷ് മലാനി നല്‍കിയ ഹര്‍ജിയിലാണ് നടപടി
Bombay High Court directs Reserve Bank to exchange banned Rs 500 notes

ബോംബെ ഹൈക്കോടതി

file image

Updated on

നാഗ്പൂര്‍: നോട്ടുനിരോധന കാലത്ത് പൊലീസ് പിടിച്ചെടുക്കുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത പഴയ 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാഗ്പൂര്‍ സ്വദേശിയായ ഗിരീഷ് മലാനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഊര്‍മിള ജോഷി-ഫാല്‍ക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.

2016 ഡിസംബര്‍ ഒന്നിന് നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഗിരീഷ് മലാനിയില്‍ നിന്ന് 2 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ഈ തുക മഹുര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആദായനികുതി വകുപ്പ് ഈ പണം നിയമാനുസൃതമാണെന്ന് കണ്ടെത്തിയെങ്കിലും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം തിരികെ ലഭിച്ചപ്പോഴേക്കും നോട്ടുകള്‍ മാറാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. 2026 ഡിസംബര്‍ 31-നാണ് നോട്ടുകള്‍ മലാനിക്ക് തിരികെ ലഭിച്ചത്. 2017-ല്‍ നോട്ടുകള്‍ മാറാന്‍ മലാനി ആര്‍ബിഐയെ സമീപിച്ചെങ്കിലും, നോട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ പൊലീസ് രേഖപ്പെടുത്തിയില്ലെന്ന സാങ്കേതിക കാരണത്താല്‍ ആര്‍ബിഐ അപേക്ഷ നിരസിച്ചു.

തന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യത്തിന് ഹര്‍ജിക്കാരനെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടുകള്‍ കൈമാറാന്‍ മലാനിക്ക് സാധിക്കാതെ വന്നത് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നത് കൊണ്ടാണ്. സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് അധികൃതരുടെ വീഴ്ചയുടെ ഭാരം വ്യക്തിയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. നോട്ടുകള്‍ കൈമാറാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ കര്‍ക്കശമായി നടപ്പിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തരവ് അനുസരിച്ച് ഒരാഴ്ചയ്ക്കകം നോട്ടുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കാന്‍ മലാനിക്ക് അനുവാദം നല്‍കി. നോട്ടുകളുടെ ആധികാരികത പരിശോധിച്ച ശേഷം ഏഴ് ആഴ്ചയ്ക്കുള്ളില്‍ പകരം നിയമപരമായ കറന്‍സി നല്‍കാനും കോടതി ആര്‍ബിഐയോട് നിര്‍ദ്ദേശിച്ചു.

logo
Metro Vaartha
www.metrovaartha.com