

ബോംബെ ഹൈക്കോടതി
മുംബൈ: വരുമാനമുള്ള പങ്കാളികള്‍ വീട്ടുചെലവുകളും മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും പങ്കിടണമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനക്കേസില്‍ ഭാര്യക്കും മകനും പ്രതിമാസം 50,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം.എം. സാതെയുടെ സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ണായകമായ ഉത്തരവ്.
ഹര്‍ജി പരിഗണിച്ച കോടതി ജീവനാംശത്തുക 25,000 രൂപയായി കുറച്ചുനല്‍കി. ഭാര്യയും മകനും താമസിക്കുന്ന അന്ധേരിയിലെ വീടിനും നവി മുംബൈയിലെയും പന്‍വേലിലെയും രണ്ട് വീടുകള്‍ക്കും താന്‍തന്നെയാണ് ലോണ്‍ തുക അടയ്ക്കുന്നതെന്നും ഇപ്പോള്‍ താന്‍ ബിഹാറിലാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നല്ലവരുമാനമുള്ള ഭാര്യ ലോണുകളിലേക്ക് യാതൊരു വിഹിതവും നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.