

ബോംബെ ഹൈക്കോടതി
മുംബൈ: നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന വസ്തുത കണക്കിലെടുത്ത് യാഥാര്‍ഥ്യബോധമുള്ള സമീപനം സ്വീകരിക്കാന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. ശുചിത്വത്തിന്‍റെ പേരില്‍ നവി മുംബൈയിലെ നക്ഷത്രഹോട്ടലിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ട് ഈച്ചകളെ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.എ. തീരുമാനമെടുത്തതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് പ്രാണികളുടെ സാന്നിധ്യം കൊണ്ടുമാത്രം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ന്യായീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലും ശുചിത്വത്തിലും ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് ഗവണ്‍മെന്‍റ് പ്ലീഡര്‍ നേഹ ഭിഡെ കോടതിയെ അറിയിച്ചു.
ഒരു പ്രാണിയോ പത്ത് പ്രാണികളോ അല്ല പ്രശ്നമെന്നും ഭക്ഷ്യ സുരക്ഷ പാലിക്കേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. എന്നാല്‍, സ്ഥാപനം മറ്റുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി ലൈസന്‍സ് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.