താനെ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ 'യോദ്ധ കർമ്മയോഗി- ഏകനാഥ് ഷിൻഡെ' എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്തു. ഗവർണർ സിപി രാധാകൃഷ്ണൻ, ഉപ മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷിൻഡെയുടെ ജീവിതത്തെയും രാഷ്ട്രീയ ജീവിതത്തിലെ വിജയത്തെയും അടിസ്ഥാനമാക്കിയാണ് പുസ്തകം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ചടങ്ങിൽ ഷിൻഡെയുടെ അച്ഛനും മരുമകളും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു.
പ്രസംഗത്തിനിടെ അജിത് പവാർ ഷിൻഡെയെ പ്രശംസിച്ചു. ഭരണകക്ഷിയിൽ നിന്ന് പുറത്തുപോകുക എളുപ്പമല്ലെന്നും മറ്റ് രണ്ട് സഖ്യകക്ഷികളുമായി ചേർന്ന് പുതിയ സർക്കാർ സ്ഥാപിക്കുന്നതിന് എല്ലാ സഹപ്രവർത്തകരെയും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ ഷിൻഡെയ്ക്ക് പ്രത്യക കഴിവ് ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ ഷിൻഡെ ഒരു യഥാർത്ഥ ഹീറോയാണെന്നും പവാർ പറഞ്ഞു. ജനകീയ മുഖ്യമന്ത്രിയാണെന്നും പവാർ വിശേഷിപ്പിച്ചു. വലിയൊരു വിഭാഗം ആളുകൾ അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഉണ്ട്. പുസ്തകത്തിന്‍റെ ഉദ്ഘാടന വേളയിൽ അന്തരിച്ച അമ്മയെ ഓർത്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വികാരാധീനനായി. അമ്മയെക്കുറിച്ചുള്ള ഒരു ചെറിയ ക്ലിപ്പ് വീഡിയോ വേദിയിൽ കാണിക്കുകയും ചെയ്തിരുന്നു.