
മുംബൈ: ശ്രീനാരായണ മന്ദിരസമതിയുടെ നാല്പത്തിമൂന്നാമതു വിവാഹാർത്ഥി മേള, സമതിയുടെ ചെമ്പൂർ കോംപ്ലക്സിലെ ആഡിറ്റോറിയത്തിൽ നടന്നു. ഇൻകം ടാക്സ് കമ്മീഷണർ സോൾജി ജോസ് കൊട്ടാരത്തിൽ ഐ ആർ. എസ് മുഖ്യാതിഥിയായിരുന്നു. അഡിഷണൽ ഇൻകംടാക്സ് കമ്മീഷണർ വി വിനോദ്‌കുമാർ ഐ.ആർ.എസ്, വിശിഷ്ടാതിഥിയും ആയിരുന്നു. സമതി പ്രസിഡന്റ് എം ഐ ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ് , ജനറൽ സെക്രെട്ടറി ഒ.കെ. പ്രസാദ്, ട്രഷറാർ വി.വി ചന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പ് വളരെ സൂഷ്മതയോടും എല്ലാ സാധ്യതകളെകുറിച്ചും പരസ്പരം അറിഞ്ഞുകൊണ്ടും മാത്രമേ ആകാവൂ എന്ന് സോൾജി ജോസ് കൊട്ടാരത്തിൽ അഭിപ്രായപ്പെട്ടു. ഇതിനെല്ലാം അവസരം ഒരുക്കുന്ന സമിതിയെ അഭിനന്ദിക്കുന്നതായും എത്ര തന്നെ ഡിജിറ്റൽ സമ്പ്രദായങ്ങൾ ഉണ്ടെങ്കിലും കുടുംബങ്ങൾ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വിവാഹാർത്ഥി മേളയിൽ കൂടെ യോജിക്കുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിനാണ്. അത് യുവതീ യുവാക്കളുടെയും അവരുടെ മാതാ പിതാക്കളുടെയും വിശ്വാസം ആയിരിക്കുമെന്നു കരുതുന്നതായും അദ്ദേഹം തുടർന്ന് പറഞ്ഞു.മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതി നടത്തുന്ന വിവാഹ ബാന്ധവ മേള അതുല്യമാണെന്നും ഇതിൽ പെങ്കെടുത്ത എല്ലാ യുവതീ യുവാക്കളുടെയും വിവാഹം എത്രയും വേഗം നടക്കട്ടെ എന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് വി. വിനോദ്‌കുമാർ ഐ. ആർ. എസ്സ് അഭിപ്രായപ്പെട്ടു . വിവാഹം നടന്നാൽ അത് സമിതിയെ അറിയിക്കുകയാണെങ്കിൽ ആ വിവരങ്ങൾ വരും കാലങ്ങളിൽ ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമിതി ചെയ്യുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് വിവാഹ ബാന്ധവ മേള നടത്തുന്നത് എന്നും,20 കൊല്ലത്തിനു മുകളിലായി നടത്തിവരുന്ന ബാന്ധവ മേളയിൽ കൂടി നിരവധി യുവതീ യുവാക്കളുടെ വിവാഹങ്ങൾ നടന്നു കഴിഞ്ഞു എന്നും പ്രസിഡന്റ് എം ഐ ദാമോദരൻ പറഞ്ഞു.
ബാന്ധവ മേളയിൽ ഇത്തവണയും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും, രാജസ്ഥാൻ, ബറോഡ, ഡൽഹി, പുണെ, നാസിക്, അമരാവതി എന്നിവിടങ്ങളിൽ നിന്നും യുവതി യുവാക്കൾ പങ്കെടുത്തു. കൂടാതെ വിദേശത്ത് ജോലി ചെയ്തു വരുന്ന സ്ഥിരം താമസക്കാരും പങ്കെടുത്തതിൽ ഉൾപ്പെടുന്നു എന്ന് ചെയർമാൻ എൻ മോഹൻദാസ് പറഞ്ഞു.
പത്ത് കൊല്ലത്തിനു മുൻപ് വിവാഹാർത്ഥി മേളയിൽ പങ്കെടുത്തിരുന്നത് കൂടുതലും യുവതികൾ ആയിരുന്നു. നിലവിലെ രജിസ്ട്രേഷൻ അനുസരിച്ച് ആൺ കുട്ടികളുടെ പങ്കാളിത്തം വർദ്ധിച്ചു വരുന്നതായി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് പറഞ്ഞു. രജിസ്റ്റർ ചെയ്ത യുവതികളുടെ പ്രായം 23നും 27 നും ഇടയിലും യുവാക്കളുടേതു 26നും 30നും ഇടയിലുമാണ്. ശരാശരി വയസ്സിന്റെ വ്യത്യാസം കുറഞ്ഞു വരുന്നത് പുതിയ പ്രതിഭാസമാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി ഒ കെ പ്രസാദ് അഭിപ്രായപ്പെട്ടു.
സോണൽ സെക്രട്ടറി മായ സഹജൻ, അസിസ്റ്റൻറ് ട്രഷറർ പി പൃഥ്വീരാജ്, മര്യേജ് ബ്യൂറോ കൺവീനർ സുനിൽ സുകുമരൻ, സോണൽ സെക്രട്ടറിമാരായ എൻ. എസ്സ് രാജൻ, പി. പി കമലാനന്ദൻ, പി.ജി ശശാങ്കൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പങ്കജാക്ഷൻ, വി. കെ. പവിത്രൻ, മനുമോഹൻ, രാധാകൃഷ്ണൻ, ഡോ. ശ്യാമ, അശ്വിൻ, മിനി മനു, ബിനി പ്രദീപ്, തമ്പാൻ, രാഹുൽ കെ, അനികുമാർ, രജിത രാജേഷ്, എന്നിവർ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചു.