

നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കൂട്ടിയതിനെതിരേ നിവേദനം നല്‍കി കെയര്‍ 4 മുംബൈ
NORKA ROOTS
മുംബൈ: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പ്രീമിയം നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിച്ച്, പ്രവാസികള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ 4 മുംബൈ കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
നിലവിലെ വര്‍ധന റദ്ദാക്കി, നാമമാത്രമായ വര്‍ധനയോടെ കഴിഞ്ഞ വര്‍ഷത്തെ താങ്ങാനാവുന്ന നിരക്കുകളും വ്യവസ്ഥകളും പുനഃസ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
പദ്ധതിയുടെ ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ സാമ്പത്തികശേഷിയില്ലാത്ത 56 കുടുംബങ്ങള്‍ക്കായി കെയര്‍ 4 മുംബൈ 7,14,118 രൂപയുടെ പ്രീമിയം അടച്ചിരുന്നു. പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് അടിയന്തര ചികിത്സാ സാഹചര്യങ്ങളില്‍ സഹായം ലഭിച്ചതായും സംഘടന നിവേദനത്തില്‍ വ്യക്തമാക്കി.
എന്നാല്‍, പുതുക്കലിനായി നോര്‍ക്ക കെയര്‍ പോര്‍ട്ടല്‍ തുറന്നപ്പോള്‍ പ്രീമിയം നിരക്കുകളില്‍ വലിയ വര്‍ധനവാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സംഘടന ആരോപിച്ചു. 61 വയസുള്ള പ്രാഥമിക അംഗമുള്ള ഒരു കുടുംബത്തിന്റെ അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്‌ലോട്ടര്‍ പോളിസിയുടെ പ്രീമിയം 13,411 രൂപയില്‍നിന്ന് 44,718 രൂപയായി ഉയര്‍ന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.