മഹാരാഷ്ട്രയിൽ പുതിയ ആംബുലന്‍സ് നയം വരുന്നു

അപകടങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി
A new ambulance policy is coming to the state.

പുതിയ ആംബുലന്‍സ് നയം വരുന്നു

file image
Updated on: 

മുംബൈ: അപകടങ്ങളില്‍പ്പെടുന്നവർക്ക് നിര്‍ണായകമായ ആദ്യ 60 മിനിറ്റില്‍ അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ പുതിയ ആംബുലന്‍സ് നയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ, ജീവകാരുണ്യ, സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുകളെ പൊതു ഡിജിറ്റല്‍, നിയന്ത്രണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ആംബുലന്‍സ് നയം ഈ മാസം അവസാനത്തോടെ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്.

ആംബുലന്‍സുകളുടെ ലഭ്യത, സ്ഥാനം, അപകടസ്ഥലത്ത് എത്താന്‍ എടുക്കുന്ന സമയം, നിരക്കുകള്‍ എന്നിവ അറിയാന്‍ ആപ്പും വെബ്‌സൈറ്റും തയ്യാറാക്കുന്നുണ്ട്. കൂടാതെ നൂറ് കിലോമീറ്റര്‍ ഇടവിട്ട് ആശുപത്രികള്‍ മാപ്പ് ചെയ്യാനും പദ്ധതിയിടുന്നു.

മഹാരാഷ്ട്രയില്‍ ഓരോ ദിവസവും ശരാശരി 42 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പിന്‍റെ കണക്ക്. ഇത് ദേശീയ ശരാശരിയായ 35-നേക്കാള്‍ കൂടുതലാണ്. ഓരോ 35 മിനിറ്റിലും ഓരോ റോഡപകട മരണം വീതം സംസ്ഥാനത്ത് സംഭവിക്കുന്നുണ്ടെന്നും പുതുതായി നിര്‍മ്മിച്ച റോഡുകളിലെ അമിതവേഗതയാണ് മരണനിരക്ക് ഉയരാന്‍ പ്രധാന കാരണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജേഷ് നര്‍വേക്കര്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 16,000 റോഡപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യയില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ് മഹാരാഷ്ട്ര. ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പത്ത് ശതമാനത്തോളം സംസ്ഥാനത്താണെങ്കിലും വാര്‍ഷിക അപകടങ്ങള്‍ ഏകദേശം 35,000 ആയി തുടരുകയാണ്. റോഡപകട മരണങ്ങള്‍ പൂജ്യത്തിലെത്തിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം പതിനൊന്ന് ജില്ലകളില്‍ നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.