

പരസ്യ പ്രചാരണം അവസാനിച്ചു; നാളെ പോളിങ് ബൂത്തിലേക്ക്
മുംബൈ : മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. എല്ലാകണ്ണുകളും മുംബൈയിലെ വലിയ പോരാട്ടത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. താക്കറെമാരുടെ മുന്നണിയെ നേരിടാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ശക്തമായ ശ്രമംനടത്തുകയാണ്. 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി 893 വാര്‍ഡാണുള്ളത്. ആകെ 2869 സീറ്റിലേക്കുള്ള പോളിങ് 15-ന് വ്യാഴാഴ്ച രാവിലെ 7.30-ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും. 16ന് ആണ് ഫലപ്രഖ്യാപനം.
ഭരണസഖ്യത്തിനുവേണ്ടി പ്രചാരണത്തിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, മഹായുതി സ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു.
മഹായുതി സഖ്യത്തിലെ മൂന്നാമത്തെ പങ്കാളിയായ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയെ മഹായുതി സഖ്യം ഹിന്ദു ഇതര വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി തന്ത്രപരമായി സഖ്യത്തില്‍നിന്ന് ഒഴിവാക്കിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. 20 വര്‍ഷത്തിനുശേഷം ബന്ധുക്കളായ ഉദ്ധവും രാജ് താക്കറെയും ഒന്നിച്ച് മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്.