
മുംബൈ: മുതിർന്ന ശിവസേന (യുബിടി) നേതാവും മുൻ കോർപ്പറേറ്ററുമായ സുധീർ മോറെ (62)യുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. അതേസമയം മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കുർള ജിആർപി ഒരു അഭിഭാഷകയ്ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് യുവതിക്കെതിരെ ഐപിസി 306 വകുപ്പ് പ്രകാരം കേസെടുത്തത്. ഇവർക്ക് മോറേയുമായി എട്ടു വർഷത്തെ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷയിൽ ഘാട്‌കോപ്പർ സ്റ്റേഷനിൽ എത്തുകയും പിന്നീട് രണ്ടാം നമ്പർ പ്ലാറ്ഫോമിലൂടെ നടന്ന് ട്രെയിനിന് മുന്നിലേക്ക് ചാടുകയും ആയിരുന്നു മോറെ എന്ന് പൊലീസ് പറഞ്ഞു. ഇതിന്‍റെ സി സി ടി വി വിഷ്വൽ പൊലീസ് എടുത്തിട്ടുണ്ടെന്നും പോലീസ് അംഗങ്ങൾ അറിയിച്ചു. അതേ സമയം മോറെയെ അപായപെടുത്തിയതാണെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.
വെള്ളിയാഴ്ച, മോറെയുടെ അന്തിമ യാത്രയിൽ 500-ലധികം ആളുകൾ ഒത്തുകൂടിയിരുന്നു. വിക്രോളി പാർക്ക്‌സൈറ്റിലെ കടകളും സ്ഥാപനങ്ങളും ആദരസൂചകമായി പ്രവർത്തിച്ചിരുന്നില്ല. സേനാ നേതാക്കളായ വിനായക് റാവത്ത്, ആദേശ് ബന്ദേക്കർ, ബിജെപിയുടെ പ്രവീൺ ഛേദ എന്നിവരും അന്തിമ യാത്രയിൽ പങ്കെടുത്തു. സേനയിലെ (യുബിടി) രത്‌നഗിരി ജില്ലാ മേധാവിയായിരുന്നു മോറെ. മോറേ ആത്മാർഥതയുള്ള വിശ്വസ്തനായ പാർട്ടി പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണം പാർട്ടിക്ക് വലിയ നഷ്ടമാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു