

പാര്‍ഥ് പവാര്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മകന്‍ പാര്‍ഥ് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പുണെയിലെ കമ്പനിയുടെ വിവാദമായ 300 കോടി രൂപയുടെ ഭൂമി ഇടപാടില്‍ ജോയിന്‍റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്‍ (ഐജിആര്‍) അധ്യക്ഷനായ സമിതി കുറ്റപത്രം സമര്‍പ്പിച്ചു. പാര്‍ഥിന്‍റെ പേരൊഴിവാക്കിയാണ് കുറ്റപത്രം.പാര്‍ഥ് പവാറിന്‍റെ ബിസിനസ് പങ്കാളിയും ബന്ധുവുമായ ദിഗ്വിജയ് പാട്ടീല്‍, ഭൂമിവില്‍പ്പനക്കാര്‍ക്കുവേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി വഹിച്ചിരുന്ന ശീതള്‍ തേജ്വാനി എന്നിവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മറ്റു രണ്ടുപേര്‍.
രവീന്ദ്ര താരു, പാട്ടീല്‍, തേജ്വാനി എന്നിവരെ പൊലീസ് രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതികളാക്കിയിട്ടുണ്ട്. സമിതിയുടെ തലവനായ ജോയിന്റ് ഐജിആര്‍ രാജേന്ദ്ര മുഥെ ഐജിആര്‍ രവീന്ദ്ര ബിന്‍വാഡെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അദ്ദേഹം അത് പുണെ ഡിവിഷണല്‍ കമ്മിഷണര്‍ ചന്ദ്രകാന്ത് പുല്‍കുണ്ഡ്വാറിന് കൈമാറുകയും ചെയ്തു.
പാര്‍ഥ് പവാര്‍ പങ്കാളിയായ പുണെയിലെ ഉയര്‍ന്ന നിലവാരമുള്ള മുന്ധ്വ പ്രദേശത്തെ 40 ഏക്കര്‍ ഭൂമി അമാഡിയ എന്റര്‍പ്രൈസസ് എല്‍എല്‍പിക്ക് വിറ്റു. പ്ലോട്ട് സര്‍ക്കാരിന്റേതാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 21 കോടിരൂപ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി.