ചെമ്പൂര്‍ ശ്രീനാരായണഗുരു കോളെജിന് സ്വയം ഭരണ പദവി

തീരുമാനം മുംബൈ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു

Chembur Sree Narayana Guru College gets autonomous status

ചെമ്പൂര്‍ ശ്രീനാരായണഗുരു കോളജിന് സ്വയംഭരണ പദവി

Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്മെന്‍റിൽ പ്രവര്‍ത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളെജ് ഓഫ് കൊമേഴ്സ് ആന്‍ഡ് സയന്‍സിനു സ്വയംഭരണ പദവി ലഭിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീനാരായണ ഗുരു കോളെജിന്‍റെ വിവിധ തലങ്ങളിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ 2026-2027 വര്‍ഷം മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ പദവി നല്‍കിയത്. ഈ തീരുമാനം മുംബൈ യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും ചെയ്തു.

സ്ഥിരമായ അക്കാദമിക് മികവ്, കരുത്തുറ്റ മാനേജ്മെന്‍റ് , മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് യു ജിസി ഈ പദവി നല്‍കിയത്. ഈ പദവി ലഭ്യമായതോടെ കോളേജിന് അക്കാദമിക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ശ്രീനാരായണ മന്ദിരസമിതിയുടെ പ്രഖ്യാപിത ലക്ഷ്യമായ കല്‍പ്പിത സര്‍വകലാശാലയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ സ്വയംഭരണ പദവി എന്ന് സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ പറഞ്ഞു. ഇത് സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി ഇവിടെ നിന്നും ബിരുദം നേടി പുറത്തുവരുന്നവരുടെ വിദ്യാഭ്യാസപരമായ അന്തസ്സ് പൂര്‍വാധികം ഉയരുമെന്നും സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ചെമ്പൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടാതെ ഉള്‍വെയിലെ ശ്രീനാരായണ ഗുരു ഇന്റര്‍നാഷണല്‍ സ്‌കൂള്‍, താരാപ്പൂരിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവയും മന്ദിരസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com