
രമേശ് ചെന്നിത്തല
മുംബൈ: മഹാവികാസ് അഘാഡിയില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മഹാരാഷ്ട്രയിൽ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അതേസമയം, രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് മുംബൈയില്‍ ഉന്നതതല നേതൃയോഗം ചര്‍ച്ച നടത്തി.
മഹാരാഷ്ട്രയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കാര്യത്തിലും താക്കറെ സഹോദരങ്ങള്‍ക്കെതിരേ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശത്തിലും, കോണ്‍ഗ്രസ് മറാഠി ജനതയുടെ വികാരങ്ങള്‍ക്കും സ്വത്വത്തിനും ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തികതലസ്ഥാനമാണ് മുംബൈ. ഇന്ത്യയുടെ എല്ലായിടങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു. ഭാഷാപരമായ അല്ലെങ്കില്‍ പ്രാദേശികപരമായ സംഘര്‍ഷത്തിന്‍റെ ഒരു പ്രശ്‌നവും മുംബൈയില്‍ പാടില്ലെന്നും ചെന്നിത്തല.
സംഘടനാ അടിത്തറ ശക്തിപ്പെടുത്തുന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് താഴേത്തട്ടില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഇത് ഒട്ടേറെ പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കും. ഹൈക്കമാന്‍ഡ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്‍റെ ആവശ്യമില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് സഖ്യം ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.