ചീഫ് സെക്രട്ടറിയും ഡിജിപിയും വിട്ടുനിന്നു; അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

കഴിഞ്ഞ 14നാണു ജസ്റ്റിസ് ബി.ആർ. ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്.
Chief Secretary and DGP abstained; Chief Justice expresses dissatisfaction

ചീഫ് സെക്രട്ടറിയും ഡിജിപിയും വിട്ടുനിന്നു; അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

Updated on

മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റശേഷം സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയിലെ ആദ്യ പരിപാടിയിൽ തന്നെ പ്രോട്ടൊകോൾ വീഴ്ചയുണ്ടായതിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ്. കഴിഞ്ഞ 14നാണു ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ച മുംബൈയിൽ മഹാരാഷ്‌ട്ര, ഗോവ ബാർ കൗൺസിലുകളുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ താനെത്തിയപ്പോൾ ചീഫ് സെക്രട്ടറിയും ഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും എത്താതിരുന്നതാണ് ഗവായിയെ ചൊടിപ്പിച്ചത്.

സന്തോഷകരമായ ചടങ്ങിൽ ഇത്തരം ചെറിയ കാര്യങ്ങൾ പറയാൻ താത്പര്യമില്ലെന്ന ആമുഖത്തോടെയാണ് ഗവായ് അതൃപ്തി പ്രകടിപ്പിച്ചത്. ജനാധിപത്യത്തിന്‍റെ മൂന്നു സ്തംഭങ്ങളും പരസ്പരം ബഹുമാനിക്കേണ്ടതാണ്. മഹാരാഷ്‌ട്രയിൽ നിന്നുള്ള ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും മുംബൈ പൊലീസ് കമ്മിഷണറും പങ്കെടുക്കുന്നില്ല.

അങ്ങനെ തീരുമാനിച്ചതു ശരിയാണോ എന്ന് അവർ ചിന്തിക്കണം. പ്രോട്ടൊകോളിന്‍റെ കാര്യത്തിൽ എനിക്ക് പിടിവാശികളില്ല. എന്നാലും മൂന്നു സ്തംഭങ്ങളിലൊന്നിന്‍റെ തലവൻ ആദ്യമായി വരുമ്പോൾ മറ്റു സ്തംഭങ്ങളിൽ നിന്നുള്ളവർ ഇത്തരമൊരു പരിഗണന നൽകുന്നത് ശരിയാണോ. കൂടുതൽ പറയുന്നില്ല.

തന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ആർട്ടിക്കിൾ 142 ലെ വ്യവസ്ഥകൾ പരിഗണിക്കുമായിരുന്നെന്നു ഗവായ് തമാശ കലർത്തി പറഞ്ഞു. സുപ്രീംകോടതിക്കു പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142, രാഷ്‌ട്രപതിക്കു സമയപരിധി നിശ്ചയിച്ചതോടെ വലിയ ചർച്ചയായിരിക്കെയാണു ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

ചീഫ് ജസ്റ്റിസിന്‍റെ അതൃപ്തി അറിയിച്ചതോടെ ജസ്റ്റിസ് ഗവായ് പിന്നീടു ചൈത്യഭൂമിയിലെത്തിയപ്പോൾ ചീഫ് സെക്രട്ടറി സുജാത സൗനിക്, ഡിജിപി രശ്മി ശുക്ല, മുംബൈ പൊലീസ് കമ്മിഷണർ ദേവൻ ഭാരതി എന്നിവരെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com