

ഡോ. ഉമ്മന്‍ ഡേവിഡിന്റെ പേരില്‍ ക്ലിനിക്
മുംബൈ: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി കല്‍വയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ക്ലിനിക് ആരംഭിച്ചു. റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോര്‍ത്തിന്‍റെ ചാര്‍ട്ടര്‍ പ്രസിഡന്‍റ് റോട്ടേറിയന്‍ ഡോ. ഉമ്മന്‍ ഡേവിഡിന്റെ പേരില്‍ ക്ലിനിക് സമര്‍പ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോര്‍ത്തിന്‍റെ നേതൃത്വത്തിലാണ് ക്ലിനിക് ഒരുക്കിയത്.
ഡോംബിവ്‌ലി ഈസ്റ്റില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3142 ഗവര്‍ണര്‍ ഡോ. നിലെഷ് ജയന്ത്, കല്യാണ്‍ ഡോംബിവിലി മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ ഹര്‍ഷല്‍ മോറെ, റോട്ടറി ക്ലബ് ഓഫ് ഡോംബിവ്‌ലി നോര്‍ത്ത് പ്രസിഡന്‍റ് മായ സാവന്ത്, പ്രോജക്ട് ചെയര്‍ റോട്ടേറിയന്‍ വിരുപാക്ഷ് റാണെ ബെന്നൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡറുകള്‍, ലൈംഗികത്തൊഴിലാളികള്‍, മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവര്‍ക്കായി ആരോഗ്യപരിശോധന, പതിവ് ചെക്കപ്പുകള്‍, രോഗനിര്‍ണയ പരിശോധനകള്‍, കൗണ്‍സലിങ് തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാക്കും. രോഗികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിച്ചുകൊണ്ടുള്ള ആരോഗ്യപരിചരണമാണ് ലക്ഷ്യമിടുന്നത്.