
രാജ് താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറാഠി സംസാരിക്കാത്തവർക്കെതിരേ ആക്രമണം അഴിച്ച് വിടുന്നതിനെതിരേ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി.
കഴിഞ്ഞ ദിവസം എംഎന്‍എസ് പാര്‍ട്ടിയുടെ സ്‌കാര്‍ഫ് ധരിച്ച ഒരു സംഘം താനെയിലെ ഭയന്തറില്‍ മറാഠി സംസാരിക്കാന്‍ വിസമ്മതിച്ചതിന് ഒരു ഭക്ഷണശാല ഉടമയെ മര്‍ദിച്ചിരുന്നു.
ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കാനും ശ്രമം സര്‍ക്കാര്‍ നടത്തിയിരുന്നു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിച്ചതോടെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വിജയഘോഷ റാലി നടത്താനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭാഷയുടെ പേരിലുള്ള ഗുണ്ടായിസം സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ല. മറാഠി ഭാഷയില്‍ അഭിമാനിക്കുന്നത് തെറ്റല്ല. പക്ഷേ, ഭാഷയുടെ പേരില്‍ ആരെങ്കിലും ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടാല്‍, കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.