മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്‍റേയും സഹകരണത്തോടെയാണ് മലയാളികൾക്കായി കമ്മ്യൂണിറ്റി ഹാൾ ഒരുങ്ങുന്നത്.താനെ ഓവ് ല-മാജിവാഡാ നിയോജകമണ്ഡലം എം എൽ എ പ്രതാപ് സർനായക് നിർമ്മിച്ച് നൽകുന്ന സമാജ് ഭവൻ താനെയിലെ സമാജം പ്രവർത്തനങ്ങൾക്കായി സമർപ്പിക്കും.
മലയാളികൾ അടക്കം വിവിധ ഭാഷക്കാർക്കായി പന്ത്രണ്ടോളം കമ്മ്യൂണിറ്റി ഹാളുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. സ്വപ്ന പദ്ധതിയുടെ ഭൂമിപൂജൻ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നിർവ്വഹിക്കും.
പദ്ധതിയുടെ നിർമ്മാണത്തിനുള്ള മുഴുവൻ ചിലവും മഹാരാഷ്ട്രാ സർക്കാർ വഹിക്കുമെന്ന് പ്രതാപ് സർനായക് അറിയിച്ചു. കൂടാതെ പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിനും പ്രത്യേക കമ്മ്യൂണിറ്റി ഹാൾ ഇതോടൊപ്പം നിർമ്മിച്ചു നൽകുമെന്ന് പ്രതാപ് സർനായക് അറിയിച്ചതായി ഡോ.റോയ് ജോൺ മാത്യു പറഞ്ഞു.
മലയാളികൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരം കൂടിയാണ് പദ്ധതിയെന്നും ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ താനെയിലെ മലയാളി സംഘടനപ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്നും ശിവസേനയിലെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ, ജയന്ത് നായർ എന്നിവർ അറിയിച്ചു.