
മുംബൈ: ചേരിപ്രദേശങ്ങളിൽ 559 സ്ഥലങ്ങളിലായി 14,166 കമ്മ്യൂണിറ്റി ടോയ്‌ലറ്റുകൾ നിർമിക്കാൻ ബിഎംസി ടെൻഡർ ക്ഷണിച്ചു. നഗരത്തിൽ സ്ഥലസൗകര്യമില്ലാത്തതാണ് പദ്ധതി വൈകാൻ കാരണം. കഴിഞ്ഞ വർഷത്തെ സർവേ റിപ്പോർട്ട് അനുസരിച്ച്, 2020 ൽ മുംബൈയിൽ 752 പുരുഷന്മാർക്കും 1,820 സ്ത്രീകൾക്കും ഒരു പൊതു ടോയ്‌ലറ്റ് സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്വച്ഛ് ഭാരത് മിഷൻ മാനദണ്ഡങ്ങൾ അനുസരിച്ച്, ചേരികളിൽ 35 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും ഒരു ടോയ്‌ലറ്റ് സീറ്റ് ഉണ്ടായിരിക്കണം. അതിനാൽ ഉപയോക്താക്കളുടെയും ടോയ്‌ലറ്റിന്റെയും അനുപാതത്തിന് അനുസൃതമായി കൂടുതൽ ടോയ്‌ലറ്റുകൾ നിർമ്മിക്കാനാണ് ബിഎംസിക്ക് പദ്ധതി.
കൂടുതൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ വേണമെന്ന ആവശ്യങ്ങൾ പ്രധാനമായും ചേരി പ്രദേശങ്ങളിൽ നിന്നാണ്. സ്ഥലസൗകര്യമില്ലാത്തതിനാൽ പുതിയ ശൗചാലയങ്ങൾ നിർമിക്കാൻ പ്രയാസമാണ്.മൂന്ന് മാസം സർവേ നടത്തിയ ശേഷമാണ് 559 സ്ഥലങ്ങൾ കണ്ടെത്തിയത്.
അടുത്ത മാസം മുതൽ പുതിയ ടോയ്‌ലറ്റുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പദ്ധതി പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും," ഒരു മുതിർന്ന ബി എം സി ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 394 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്.
ബിഎംസിയുടെ മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രവി രാജ പറഞ്ഞു, "ലോട്ട് 11 ന് കീഴിൽ, 2019 ൽ, ബിഎംസി 22,000 ടോയ്‌ലറ്റ് സീറ്റുകളുടെ നിർമ്മാണം ഏറ്റെടുത്തു, ഇതുവരെ 45% ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ, ചില സ്ഥലങ്ങളിലെ ജോലികൾ മന്ദഗതിയിൽ ആണ്. എന്നാൽ, സ്ഥലപരിമിതി കാരണമാണ് പ്രവൃത്തി വൈകുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു.