

കെ.ബി. ഉത്തം കുമാറിന്‍റെ നേതൃത്വത്തിൽ മണിക്‌പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.
വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ അന്തരിച്ച അമ്മയെയും സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരേ മുംബൈയിൽ പരാതി. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാറിന്‍റെ നേതൃത്വത്തിൻ മണിക്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ഭാരതത്തിലല്ലാതെ ലോകത്തിലൊരിടത്തും ഭരണാധികാരിക്കെതിരേ ഇത്തരം നീചവും നികൃഷ്ടവുമായ പരാമർശങ്ങൾ ആരും നടത്താറില്ലെന്ന് ഉത്തംകുമാർ പറഞ്ഞു. നരേന്ദ്ര മോദി രാജ്യത്തെ 145 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്. ലോകം തന്നെ ആദരിക്കുന്ന ഒരു നേതാവിനെയും മരിച്ചു പോയ അദ്ദേഹത്തിന്‍റെ അമ്മയെയും മാധ്യമങ്ങളിൽ വന്ന് അശ്ലീല പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ച ജാൻമണിക്കെതിരേ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തംകുമാർ.
അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ വന്ന് ആർക്കെതിരേയും എന്തും പറയാമെന്ന അവസ്ഥ അവസാനിപ്പിക്കണം. ജാൻമണി ദാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഉത്തംകുമാർ.
സൗത്ത് ഇന്ത്യൻ സെൽ വസായ് ജില്ലാ പ്രസിഡന്‍റ് വിനോദ് കുമാർ, വൈസ് പ്രസിഡന്‍റുമാരായ അമർദാസ് നായർ, സുകുമാർ വി.കെ. ശബരിനാഥ്, അഡ്വ. ജിതേന്ദ്ര പാണ്ഡെ എന്നിവരും ഉത്തം കുമാറിനൊപ്പമുണ്ടായിരുന്നു. കേസ് പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ഉത്തം കുമാർ പറഞ്ഞു.