
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരേ പരാതി
മുംബൈ: ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ മലാഡിലെ ഇന്‍ഫിനിറ്റി മാളിലെത്തിച്ച് തട്ടിപ്പ് നടത്തി മുങ്ങുന്ന യുവതികള്‍ അടങ്ങുന്ന സംഘത്തിനെതിരേ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ടിന്‍ഡര്‍, 3ഫണ്‍, ബംപിള്‍ എന്നിങ്ങനെ പണം കൊടുത്ത് സ്ബ്‌സ്രൈക്ബ് ചെയ്യുന്ന ആപ്പുകളിലൂടെ പരിചയപ്പെടുന്ന, ഹൈക്ലാസ് യുവതികള്‍ എന്ന് തോന്നിക്കുന്നവരാണ്, യുവാക്കളെ തട്ടിപ്പിനിരയാക്കുന്നത്.
മാളിലെ ഒരു റെസ്റ്റോബാര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകളേറെയും നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച് ബില്‍ വരുന്നതിന് മുന്‍പ് സ്ത്രീകള്‍ മുങ്ങുന്നതാണ് രീതി. യഥാര്‍ഥ ബില്ലിന്‍റെ മൂന്നിരട്ടിയും നാലിരട്ടിയുമാണ് വാങ്ങുന്നത്. കൊളാബയില്‍ നിന്നുള്ള ചെറുപ്പക്കാരനില്‍ നിന്ന് 17,000 രൂപയും ഖാര്‍ഘര്‍ നിവാസിയായ യുവ എന്‍ജിനീയറെ കബളിപ്പിച്ച് 23,610 രൂപയുമാണ് സംഘം തട്ടിയെടുത്തത്. ബില്‍ തുക കൊടുക്കാന്‍ തയാറായില്ലെങ്കില്‍ ഹോട്ടലുടമകള്‍ ഭീഷണിപ്പെടുത്തും.
നാണക്കേടായതിനാല്‍ ആരോടും പറയാതെ ബില്ല് കൊടുത്ത് വീട്ടിലേക്ക് മടങ്ങുന്നതാണ് പതിവെങ്കിലും കബളിപ്പിക്കപ്പെട്ട പലരും സ്ഥാപനത്തിനെതിരേ ഗൂഗിൾ റിവ്യൂ ഇട്ടതോടെയാണ് ഇത് നിത്യസംഭവമാണെന്ന് ഇരകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവാക്കള്‍ പരസ്പരം ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഹോട്ടല്‍ നടത്തിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന സ്ത്രീകള്‍ക്ക് ബില്‍ തുകയുടെ 15 മുതല്‍ 25 ശതമാനം വരെ കമ്മീഷനായി നല്‍കുന്നുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മലാഡ് പൊലീസ് പറഞ്ഞു.