

അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യം
മുംബൈ: അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ 27 അംഗങ്ങളുള്ള ശിവസേന ഏറ്റവുംവലിയ ഒറ്റകക്ഷിയായതോടെ ഇവരെ ഒതുക്കാന്‍ ബിജെപി കോണ്‍ഗ്രസും എന്‍സിപിയുമായി ധാരണയുണ്ടാക്കി 31 സീറ്റുകളുടെ ഭൂരിപക്ഷം നേടി. നഗരത്തെ രക്ഷിക്കാനും സ്ഥിരതയുള്ള ഭരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സഖ്യമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
ശിവസേന, ഈ സഖ്യത്തെ അധാര്‍മികവും അവസരവാദപരവുമെന്ന് വിശേഷിപ്പിച്ചു. സേന എംഎല്‍എ ഡോ. ബാലാജി കിനികര്‍ സഖ്യധര്‍മത്തോടുള്ള വഞ്ചനയാണിതെന്നും ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.
അംബര്‍നാഥില്‍ ഡിസംബര്‍ 20-ന് 60 അംഗ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേന 27 സീറ്റുകള്‍ നേടി. ഭൂരിപക്ഷത്തിന് വെറും നാലുസീറ്റുകള്‍ മാത്രം അകലെ. ബിജെപി 14 സീറ്റുകള്‍ നേടി, കോണ്‍ഗ്രസ് 12, എന്‍സിപി നാല്, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില.
ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെ, സഖ്യത്തിന്‍റെ അംഗബലം 33 കൗണ്‍സിലര്‍മാരായി ഉയര്‍ന്നു. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്റ് അടക്കം 12 പേരെ പാര്‍ട്ടിയില്‍ നിന്ന് ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു.