

മൂന്നാം മുംബൈ: സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയില്‍ ശ്രദ്ധ പിടിച്ച് പറ്റുന്ന മുംബൈയ്ക്ക് ഇനി മറ്റൊരു നഗരമുഖം കൂടി. നവി മുംബൈയ്ക്കു ശേഷം മുംബൈ മഹാനഗരത്തിന്റെ വളര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കാനൊരുങ്ങുന്ന 'മൂന്നാം മുംബൈ' മുംബൈയുടെ വികസനത്തിന്റെ വേഗം കൂട്ടും . കര്‍ണാല സായി ചിര്‍ണര്‍ (കെഎസ്സി ) ന്യൂ ടൗണ്‍ എന്നറിയപ്പെടുന്ന പദ്ധതി റായ്ഗഡ് ജില്ലയിലെ 124 ഗ്രാമങ്ങളലെ 323.44 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിക്കുന്നത്.
ഉറാന്‍, പന്‍വേല്‍, പെണ്‍ താലൂക്കുകളിലെ ഗ്രാമങ്ങളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 2024 ഒക്ടോബര്‍ 15ന് ഈ പ്രദേശത്തിനായി മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയെ (എംഎംആര്ഡിഎ) ന്യൂ ടൗണ്‍ ഡെവലപ്മെന്റ് അതോറിറ്റിയായി നിയമിച്ചു. 2026 മാര്‍ച്ച് 16ന് ഭൂമിയേറ്റെടുക്കലിനും ഭൂവിനിയോഗത്തിനുമുള്ള നയം അംഗീകരിച്ചതോടെ പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഭൂമിയുടമകളില്‍നിന്ന് സമ്മതപത്രങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. പുതിയ നഗരത്തിന്റെ സമഗ്ര രൂപരേഖ തയ്യാറാക്കാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ള പ്രദേശത്തിന് കൂടുതല്‍ കരുത്ത് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 'മൂന്നാം മുംബൈ' എന്ന ആശയത്തിന് അടിത്തറയിട്ടത്. വിമാനത്താവളത്തിന്റെ സ്വാധീനമേഖലയില്‍ നഗര്ം സൃഷ്ടിക്കുന്നതാണ് പദ്ധതി.പിന്നീട് അടല്‍ സേതുവും മുംബൈ- നവി മുംബൈ ബന്ധവും ശക്തമായതോടെ വികസന സാധ്യതകള്‍ കൂടുതല്‍ വലുതായി.
നവിമുംബൈ വിമാനത്താവളമെന്ന നിർണായക ചുവട് വയ്പ്പ്
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് തുടക്കമായതോടെ ഈ മേഖലയിലെ ഭൂമിയുടെ സാമ്പത്തിക പ്രാധാന്യം വന്‍തോതില്‍ ഉയര്‍ന്നു. വിമാനത്താവളത്തെ ചുറ്റിപ്പറ്റി താമസം, വ്യവസായം, ലോജിസ്റ്റിക്സ്, ഹോട്ടല്‍, വാണിജ്യം തുടങ്ങിയ മേഖലകളില്‍ വലിയ വളര്‍ച്ചയ്ക്കുള്ള സാധ്യത തുറന്നു.
അടല്‍ സേതു തുറന്നു
മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാ ബന്ധത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച അടല്‍ സേതു 2024 ജനുവരി 13ന് ഗതാഗതത്തിനായി തുറന്നു.18.2 കിലോമീറ്റര്‍ നീളമുള്ള കടല്‍പ്പാലം മുംബൈയിലെ സെവ്രിയില്‍നിന്ന് നവി മുംബൈയിലെ ന്ഹാവാ ശേവ മേഖലയിലേക്കുള്ള യാത്രയ്ക്ക് പുതിയ പാത തുറന്നു.
2024 ഒക്ടോബര്‍ 15: ഔദ്യോഗിക പ്രഖ്യാപനം
മൂന്നാം മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതികളിലൊന്ന് 2024 ഒക്ടോബര്‍ 15 ആണ്.ഈ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ റായ്ഗഡ് ജില്ലയിലെ 124 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി പുതിയ നഗരപദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം
നഗരാസൂത്രണത്തിനും ഭൂവിനിയോഗ പഠനത്തിനുമായി പ്രത്യേകം ശ്രദ്ധ നല്‍കി. നിലവിലുള്ള റോഡുകള്‍, വ്യവസായങ്ങള്‍, പരിസ്ഥിതി, ഭൂപ്രകൃതി, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പഠിച്ച് നിലവിലെ ഭൂവിനിയോഗ രേഖ തയ്യാറാക്കി.
പുതിയൊരു മുംബൈ
പുതിയ വീടുകള്‍, ഓഫിസുകള്‍, വ്യവസായങ്ങള്‍, ഗോഡൗണുകള്‍, ഡാറ്റാ സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കായുള്ള പദ്ധതികളും ഇവിടെ പുരോഗമിക്കുകയാണ്.നവി മുംബൈയുടെ വികസനത്തിന് ശേഷം ഇപ്പോള്‍ റായ്ഗഡ് മേഖലയിലേക്ക് വളര്‍ച്ച വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പല കേന്ദ്രങ്ങളിലായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണിത്. മുംബൈയില്‍ താമസിച്ച് മറ്റൊരിടത്ത് ജോലി ചെയ്യേണ്ട സാഹചര്യം കുറച്ച് താമസവും തൊഴിലും വ്യവസായവും ഒരേ നഗരമേഖലയില്‍ സൃഷ്ടിക്കുക എന്ന ആശയമാണ് പദ്ധതിയുടെ പിന്നില്‍.