
16 കോടി വില മതിക്കുന്ന കഞ്ചാവും സ്വര്‍ണപ്പൊടിയും കസ്റ്റംസ് പിടിച്ചെടുത്തു
file
മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവും സ്വര്‍ണപ്പൊടിയും കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാര്‍ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇരുവരെയും തടഞ്ഞുനിര്‍ത്തിപരിശോധിച്ചപ്പോള്‍ മെഴുകില്‍ പൊതിഞ്ഞ 24 കാരറ്റ് സ്വര്‍ണം സോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി.
4.24 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നും കസറ്റംസ് പറഞ്ഞു. മറ്റൊരു കേസില്‍, ബാങ്കോക്കില്‍നിന്ന് വന്ന രണ്ട് ഇന്ത്യന്‍ പൗരന്മാരെ കസ്റ്റംസ് സംഘം തടഞ്ഞു. ഇവരില്‍നിന്ന് നിരോധിത ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. 11.88 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.