ദൈവദശകം ആദ്യമായി മറാഠിയില്‍ ആലപിക്കുന്നു

പരിപാടി ഒക്‌റ്റോബര്‍ 30ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍
'Daivadasakam' is being sung in Marathi for the first time.

ശ്രീനാരായണ ഗുരു

Updated on: 

മുംബൈ: ശ്രീനാരായണ ഗുരുവിന്‍റെ വിശ്വമാനവിക സന്ദേശം ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദൈവദശകം കൂട്ടായ്മ (ദൈവദശകം ബ്രദര്‍ഹുഡ്) സംഘടിപ്പിക്കുന്ന മെഗാ കള്‍ച്ചറല്‍ ഇവന്‍റ് 'ശിവദം' ഒക്റ്റോബര്‍ 30ന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ നടക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ ദൈവദശകം ആദ്യമായി മറാഠി ഭാഷയില്‍ ആലപിക്കുകയും, ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

മുംബൈ സ്വദേശിനി ഹേമാംഗി പക്‌നിക്കര്‍ മറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്ത ദൈവദശകമാണ് ആലപിക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവിദ്യാര്‍ഥികളും മറാത്തി ഭാഷയില്‍ പ്രാവീണ്യമുള്ളവരും ആലാപനത്തില്‍ പങ്കാളികളാകും.

തുടര്‍ന്ന് കലാമണ്ഡലം ഹൈമവതി നൃത്തസംവിധാനം നിര്‍വഹിച്ച ദൈവദശകം മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ മോഹിനിയാട്ടം വിഭാഗം മുന്‍ മേധാവിയായ ഹൈമവതിയുടെ സംവിധാനത്തില്‍ ദൈവദശകം കൂട്ടായ്മയിലെ നര്‍ത്തകരാണ് അവതരണം നടത്തുന്നത്.

ഗുരുദേവന്‍റെ പ്രധാന ശിവസ്തുതികളിലൊന്നായ ചിദംബരാഷ്ടകം 250 നര്‍ത്തകര്‍ ചേര്‍ന്ന് ഭരതനാട്യരൂപത്തില്‍ അവതരിപ്പിക്കും. ഒറ്റപ്പാലം സ്വദേശിനി രമ്യ കലാശൈലം നൃത്തസംവിധാനം നിര്‍വഹിക്കുന്ന അവതരണത്തിന് സംഗീത സംവിധായകന്‍ ബിജീഷ് കൃഷ്ണ സംഗീതം നല്‍കിയിട്ടുണ്ട്. ചിദംബര മഹത്വം പാടിപ്പുകഴ്ത്തുന്ന എട്ട് പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചിദംബരാഷ്ടകം.

പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും പങ്കെടുക്കും

logo
Metro Vaartha
www.metrovaartha.com