
അഹമ്മദ്‌നഗർ: മഹാരാഷ്ട്രയിൽ അഹമ്മദ് നഗറിൽ എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം എച്ച് 3 എൻ 2 മൂലമെന്ന് സംശയം. പോസ്റ്റ്‌മോർട്ടത്തിൽ മരിച്ച 23 കാരനായ എംബിബിഎസ് വിദ്യാർത്ഥിയുടെ രക്തത്തിൽ എച്ച് 3 എൻ 2 വൈറസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്.അഹമ്മദ് നഗറിലെ മെഡിക്കൽ കോളേജ് വിദ്യാർഥിയാണ് മരണമടഞ്ഞത്.
ഇതോടെ എച്ച് 3 എൻ 2 മൂലമുള്ള ഇന്ത്യയിലെ മൂന്നാമത്തെ മരണമായി ഇത്. കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള രണ്ട് കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ മറ്റ് മരണങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അതേ കുറിച്ച് സ്ഥിരീകരണമൊന്നും ലഭ്യമല്ല. മരിച്ച വിദ്യാർത്ഥി കഴിഞ്ഞയാഴ്ച സുഹൃത്തുക്കളോടൊപ്പം അലിബാഗിൽ വിനോദയാത്രയ്ക്ക് പോയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.അവിടെ നിന്നും വന്നതുമുതൽ വിദ്യാർത്ഥിക്ക് സുഖമില്ലായിരുന്നു.തുടർന്ന് പരിശോധിച്ചപ്പോൾ കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
രോഗനിർണയത്തെ തുടർന്ന് അഹമ്മദ്‌നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർച്ച് 13 തിങ്കളാഴ്ച രാത്രി 10 മണിയോടെ അന്ത്യം സംഭവിച്ചു. രക്തത്തിൽ എച്ച് 3 എൻ 2 വൈറസ് ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രക്തത്തിൽ എച്ച് 3 എൻ 2 വൈറസ് കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചെയ്തെങ്കിലും അതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ ഇന്ത്യയിലുടനീളം എച്ച്3എൻ2 കേസുകൾ വർധിച്ചത് ആരോഗ്യ വിദഗ്ധർക്കും,അധികൃതർക്കും ഒരുപോലെ ആശങ്കയുണ്ടാക്കിയിരുന്നു.