'മുംബൈയില്‍ മലയാളി സംഘടനകളിലെ ജനാധിപത്യമെന്നത് തികച്ചും authoritarian ആയി മാറിക്കൊണ്ടിരിക്കുകയാണോ.. ?'

മുംബൈ സംഘടനാരംഗത്ത് ജനാധിപത്യം നോക്കുകുത്തിയാകാന്‍ ഇനി അധിക സമയമില്ലെന്ന് സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു
'മുംബൈയില്‍ മലയാളി സംഘടനകളിലെ ജനാധിപത്യമെന്നത് തികച്ചും authoritarian ആയി മാറിക്കൊണ്ടിരിക്കുകയാണോ.. ?'

സിബി സത്യൻ

(മുംബൈയിലെ പത്രപ്രവർത്തകനും കോളമിസ്റ്റും സാംസ്കാരിക പ്രവർത്തകനുമാണ് ലേഖകൻ )

പ്രബലമായ സംഘടനകളും ഗ്രൂപ്പുകളും തമ്മിലുള്ള പങ്കുവെയ്ക്കലുകള്‍ മാത്രമായി കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്രിയയ്‌ക്കെതിരെ സാധാരണക്കാരന്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ മുംബൈ സംഘടനാരംഗത്ത് ജനാധിപത്യം നോക്കുകുത്തിയാകാന്‍ ഇനി അധിക സമയമില്ലെന്ന് സമകാലീന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

കേരളീയ കേന്ദ്രസംഘടനാ തിരഞ്ഞെടുപ്പിന് ശേഷം മലയാളം മിഷന്‍ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഇത്തരത്തില്‍ മുംബൈ മലയാളികളുടെ ജനാധിപത്യ വിശ്വാസത്തെ പരിഹസിച്ചു ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തോളമായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ആളാണ് ഇപ്പോള്‍ മലയാളം മിഷന്‍ മുംബൈയുടെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുതിയ ചെയര്‍പേഴ്‌സന്‍റെ യോഗ്യതകളെക്കുറിച്ചോ കഴിവിനെക്കുറിച്ചോ സംശയമില്ല.

ഈ സ്ഥാനത്തിരിക്കാന്‍ ആ നിലയ്ക്കു സര്‍വഥായോഗ്യനാണു താനും. പക്ഷേ മുംബൈയില്‍ സ്ഥിരതാമസമില്ലാത്ത ഒരാളെ എങ്ങിനെയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനാവുക? മുംബൈ മലയാളം മിഷന്‍ ചെയര്‍മാന്‍ ചുരുങ്ങിയ പക്ഷം മുംബൈയില്‍ ഉണ്ടായിരിക്കേണ്ടേ.. അതോ മുംബൈയില്‍ യോഗ്യതയുള്ള മനുഷ്യരെല്ലാം കുറ്റിയറ്റു പോയോ..

ചുരുക്കത്തില്‍ കേരളീയ കേന്ദ്രസംഘടനയില്‍ അധികാരം കയ്യാളുന്ന വിഭാഗവും ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്നാല്‍ മുംബൈ മലയാളികളുടെ ഏത് ജനാധിപത്യ അവകാശവും നോക്കുകുത്തിയാക്കാമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെയും വിലപേശലിനെയുമാണ് സാധാരണ മുംബൈ മലയാളി ഇപ്പോള്‍ ജനാധിപത്യമെന്നു വിളിക്കേണ്ടി വരുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ചോദ്യംചെയ്യാന്‍ മുംബൈ മലയാളി ഉയര്‍ത്തെഴുന്നേറ്റില്ലെങ്കില്‍ ഇവിടുത്തെ സമാജം സംസ്‌കാരവും സംഘടനാ പ്രവര്‍ത്തനവുമൊക്കെ ദല്ലാളു പണി മാത്രമാകുന്ന കാലം വിദൂരമല്ല.

പുതുതലമുറ രംഗത്തേക്കു വരുന്നില്ല, മലയാളികളുടെ അടുത്ത തലമുറ സമാജങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല, സമാജം വസ്തുവകകള്‍ അന്യാധീനപ്പെടുന്നു തുടങ്ങിയ നിലവിളികള്‍ ഉയര്‍ത്തുന്നവര്‍ തന്നെയാണ് കേരളീയ കേന്ദ്രസംഘടനാ തിരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തിയത്. ഒരേ സ്ഥാനത്ത് കഴിഞ്ഞ അഞ്ചും ആറും ടേമുകളിലായി തുടരുന്നവരാണ് ജനാധിപത്യത്തിന്‍റെ‌ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്.

സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നതിനായി ഒരു വിഭാഗവും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന പരസ്പരം പുറം ചൊറിയലിനെ ജനാധിപത്യപ്രക്രിയ എന്നു വിളിക്കുന്നത് നിര്‍ത്തേണ്ട കാലമായിരിക്കുന്നു. മലയാളം മിഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന വിലപേശലുകളോടും ജനാധിപത്യത്തിന്‍റെ അട്ടിമറിയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

(ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്, മെട്രോ വാർത്തയുടെ അല്ല. വായനക്കാർക്ക് ഈ വിഷയത്തിൽ പ്രതികരണം അയയ്ക്കാവുന്നതാണ്)

Trending

No stories found.

Latest News

No stories found.