
ദിശ സാലിയൻ, ആദിത്യ താക്കറെ
മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ദിശ സാലിയന്‍റെ മരണത്തില്‍ ആദിത്യ താക്കറയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പിതാവ് സതീഷ് സാലിയന്‍ പരാതി. തന്‍റെ മകളുടെ മരണം കൊലപാതകമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പൊലീസിനെയും സമീപിച്ചത്.
മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങിനെതിരെയും പരാതിയുണ്ട്. കേസ് ഒതുക്കിയത് വിവാദ പൊലീസുകാരനാണെന്നാണ് ആരോപണം. ദിശ മരിച്ച രാത്രി നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ആദിത്യതാക്കറെയും ബോളിവുഡ് നടന്മാരും ഉണ്ടായിരുന്നെന്നും കേസ് മുംബൈ പൊലീസ് ഒതുക്കി തീര്‍ത്തെന്നുമാണ് സതീഷ് സാലിയൻ പ്രധാനമായും ഉന്നയിക്കുന്നത്.
തന്‍റെ മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് നല്‍കിയതിന് ശേഷം സതീഷ് പറഞ്ഞു. 2020 ജൂണിലാണ് ദിശ മലാഡിലെ ഫ്ലാറ്റിന്‍റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിതാവ് അത് നിഷേധിച്ചിരുന്നു.
കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ രണ്ടിന് കേസ് ബോംബെ ഹൈക്കോടതി പരിഗണിക്കും.
സച്ചിന്‍ വാസെ, നടിയും സുശാന്ത് സിങ് രജ്പുതിന്‍റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തി എന്നിവരെയും ചേര്‍ത്താണ് ദിശയുടെ പിതാവിന്‍റെ പരാതി. ദിശ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം സുശാന്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.