മുംബൈയിൽ റെയ്ൽവേ മേൽപ്പാലത്തിന് പേരിടുന്നതിൽ തർക്കം; നാനാ പടേക്കറോ സ്മിത് മച്ചാറോ?

അന്തരിച്ച നടൻ നാനാ പടേക്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് ശിവസേന (യുബിടി) ബാനർ സ്ഥാപിച്ചതോടെയാണ് വിവാദം ഉയർന്നത്
Nana Patekar, Smith Machar

നാനാ പടേക്കർ, സ്മിത് മച്ചാർ

Updated on: 

മുംബൈ: മുംബൈയിലെ വിദ്യാവിഹാർ റെയ്ൽവേ സ്റ്റേഷന് സമീപം പുതുതായി നിർമിച്ച കിഴക്ക്–പടിഞ്ഞാറ് മേൽപ്പാലത്തിന് പേരിടുന്നതിനെച്ചൊല്ലി തർക്കം. അന്തരിച്ച നടൻ നാനാ പടേക്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് ശിവസേന (യുബിടി) ബാനർ സ്ഥാപിച്ചതോടെയാണ് വിവാദം ഉയർന്നത്. നേരത്തേ, ബിജെപി എംഎൽഎ പരാഗ് ഷാ മേൽപ്പാലത്തിന് ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ പേരിടണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയിരുന്നു.

ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ ഹൈജാക്കിങ് ശ്രമം തടഞ്ഞ് ആഗോളതലത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. അദ്ദേഹത്തിന്‍റെ പേരിടണമെന്നായിരുന്നു പരാഗ് ഷായുടെ ആവശ്യം.

എന്നാൽ, 'പദ്മശ്രീ നാനാ പടേക്കർ സേതു' എന്ന് മേൽപ്പാലത്തിന് പേരിടണമെന്നാവശ്യപ്പെട്ട് ശിവസേന (യുബിടി) പ്രവർത്തകർ ബാനർ സ്ഥാപിച്ചു. ഈ ആഴ്ച ആദ്യം ശിവസേന (യുബിടി) പ്രതിനിധിസംഘം മുംബൈ മേയർ റിതു താവ്ഡെയെ കണ്ട് നാനാ പടേക്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു.

അതേസമയം, ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ സഭാനേതാവ് ഗണേഷ് ഖൻകർ, രാഷ്ട്രീയ നേട്ടത്തിനായി ശിവസേന (യുബിടി) വിവാദം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു. രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നാനാ പടേക്കറെന്നും പാലത്തിന് പകരം വലിയൊരു തിയെറ്ററിനോ തിയെറ്റർ സമുച്ചയത്തിനോ അദ്ദേഹത്തിന്‍റെ പേരിടുന്നതാണ് കൂടുതൽ ഉചിതമെന്നും ഖൻകർ പറഞ്ഞു.

വിദ്യാവിഹാർ റെയ്ൽവേ സ്റ്റേഷന്‍റെ കിഴക്കുഭാഗത്തെ രാമചന്ദ്ര ചെമ്പുർകർ മാർഗിനെയും പടിഞ്ഞാറുഭാഗത്തെ ഘാട്കോപ്പറിലെ ലാൽ ബഹാദൂർ ശാസ്ത്രി മാർഗിനെയും ബന്ധിപ്പിക്കുന്നതാണ് 650 മീറ്റർ നീളമുള്ള രണ്ടുവരി മേൽപ്പാലം. റെയ്ൽവേ ട്രാക്കിന് മുകളിലൂടെയുള്ള 100 മീറ്റർ ഭാഗവും കിഴക്കുഭാഗത്തെ 220 മീറ്റർ അപ്രോച്ച് റോഡും പടിഞ്ഞാറുഭാഗത്തെ 330 മീറ്റർ അപ്രോച്ച് റോഡും പദ്ധതിയുടെ ഭാഗമാണ്. സ്റ്റേഷനിലെ നടപ്പാതകളിലേക്കുള്ള പ്രവേശനപാതകൾ, ടിക്കറ്റ് ബുക്കിങ് ഓഫീസുകൾ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ്, പടിക്കെട്ടുകൾ എന്നിവയുടെ പുനർനിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നതായി ബിഎംസി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com