
മഹാരാഷ്ട്രയിലെ നാലസൊപാരയില്‍ ദൃശ്യം മോഡല്‍ കൊലപാതകം
മുംബൈ: നാലസൊപാരയില്‍ 32 കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയില്‍ 4 അടി ആഴത്തില്‍ കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തി. കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആണ്‍ സുഹൃത്തിനോടൊപ്പം ഒളിച്ചോടിയന്നെും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
നാലസൊപാര ഗാങ്ഡിപാഡ് ഭാര്യ ചമന്‍ എന്ന ഗുഡിയ ദേവിക്കും 7 വയസുള്ള മകനുമൊപ്പം താമസിച്ചിരുന്ന 35 കാരനായ വിജയ് ചൗഹാന്‍ ആണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച്, ചൗഹാനും സഹോദരന്‍ അഖിലേഷും ഒരു പുതിയ വീട് വാങ്ങിയിരുന്നു. പുതിയ വീടിന്‍റെ പണമടയ്ക്കാന്‍ പണം ആവശ്യമായതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഖിലേഷ് ചൗഹാനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അഖിലേഷ് ചൗഹാന്‍റെ ഫോണില്‍ വിളിക്കുമ്പോഴെല്ലാം മറുപടി നല്‍കുന്നത് ഭാര്യയായിരുന്നു .
ചൊവ്വാഴ്ച അഖിലേഷ് ചൗഹാന്‍റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അത് പൂട്ടിയിരിക്കുന്നതും റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വീട്ടിനകത്ത് പരിശോധിച്ചപ്പോള്‍ തറയിലെ മൂന്ന് ടൈലുകള്‍ ഇളകി നില്‍ക്കുന്നതായി അഖിലേഷ് കണ്ടു. വീടിനടുത്ത് മണ്ണിന്‍റെ കൂമ്പാരവും ശ്രദ്ധയില്‍പ്പെട്ടു.സംശയം തോന്നിയ അഖിലേഷ് പൊലീസിനോട് തറ കുഴിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഏകദേശം 4 അടി ആഴത്തില്‍ തറ കുഴിച്ചപ്പോള്‍ഒരു മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വസ്ത്രങ്ങളില്‍ നിന്ന്, അത് ചൗഹാന്‍റെതാണെന്ന് അഖിലേഷ് തിരിച്ചറിഞ്ഞു. കുഴിച്ചെടുക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.പ്രാഥമിക പോലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട ചൗഹാന്‍റെ ഭാര്യയ്ക്ക് മോനു വിശ്വകര്‍മ എന്നയാളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി . ചൗഹാനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒളിവില്‍ പോകുകയായിരുന്നു.