മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെ സ്ഥാപക ചെയർമാനും ദീഘകാലം പ്രസിഡന്‍റും ആയിരുന്ന ഡോ.കെ. കെ. ദാമോദരന്‍റെ പത്താമത് അനുസ്മരണ ചടങ്ങ് ചെമ്പൂർ ശ്രീനാരായണ മന്ദിര സമിതിയുടെ സെമിനാർ ഹാളിൽ നടത്തി.
അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ 8.30 നു പ്രത്യേക പൂജ ഗുരു മന്ദിരത്തിൽ നടത്തപെട്ടു.ശേഷം11.30 മുതൽ "A TALK ON DR. K.K.DAMODARAN എന്ന അനുസ്മരണ യോഗം നടന്നു.
യോഗത്തിൽ പ്രസിഡന്‍റ് എം ഐ ദാമോദരൻ ,ചെയർമാൻ മോഹൻദാസ്, സെക്രട്ടറി ഒ കെ പ്രസാദ്, കെ നടരാജൻ, വി വി ചന്ദ്രൻ, പുഷ്‌പ്പൻ, ബിലിജി ഭരതൻ, ടി അശോകൻ. എൻ എസ് രാജൻ.എം ജി രാഘവൻ എന്നിവർ തങ്ങളുടെ ഡോ. ദാമോദരനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
"അദ്ദേഹത്തിന്‍റെ കാലത്ത് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.സമിതിക്ക് വേണ്ട പണം കണ്ടെത്തുന്നത് അധികവും അദ്ദേഹമായിരുന്നു.ഡോക്ടറുടെ ദീർഘ വീക്ഷണം കൊണ്ട് തന്നെയാണ് സമിതി ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയിട്ടുള്ളത്". എം ഐ ദാമോദരൻ ചടങ്ങിൽ പറഞ്ഞു.
"അദ്ദേഹത്തിന്‍റെ ഓർമ്മകൾ എന്നും നമുക്ക് പ്രചോദനമാണ്.എപ്പോഴും ധൈര്യം പകർന്നു തന്നിരുന്നു.അദ്ദേഹം മുന്നോട്ട് വെച്ച പല കാര്യങ്ങളും ആശയങ്ങളും ഇന്നും നമ്മൾ മുന്നോട്ടു കൊണ്ട് പോകുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ കെട്ടി പടുത്തതിൽ അദ്ദേഹത്തിന്‍റെ പങ്ക് നാം മറന്നു കൂടാ". ഒ കെ പ്രസാദ് ചടങ്ങിൽ തന്‍റെ ഓർമ്മകൾ പങ്കുവെച്ചു.
"അദ്ദേഹമിപ്പോൾ നമ്മോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ ആശയങ്ങൾ വെച്ചാണ് മുന്നോട്ട് പോകുന്നത്. അന്ന് അദ്ദേഹം നിർമ്മിച്ച ഭരണ ഘടനയിലൂടെയാണ് ഇന്നും നമ്മൾ പോകുന്നത്. സമിതിയുടെ എല്ലാ മേഖലകളിലും സംഭാവന ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം" മോഹൻദാസ് പറഞ്ഞു.
"അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത് എല്ലാവരോടുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹമാണ്,പിന്നെ കറ കളഞ്ഞ ഗുരുഭക്തി.എന്തെങ്കിലും വിഷയം വരുമ്പോൾ അതെല്ലാം ശാന്തമായി കൈകാര്യം ചെയ്യാനുള്ള ആ കഴിവ് അത്ഭുതമാണ് ".കെ നടരാജൻ പറഞ്ഞു.