
മുംബൈ: മഹാരാഷ്ട്രയിലെ കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആശുപത്രിയിൽ. ഷിൻഡെയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുപീറ്റർ ആശുപത്രിയിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. വിശദമായ പരിശോധന ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സ്വന്തം നാടായ സതാറയിലേക്ക് ഷിൻഡെ പോയിരുന്നു. ഇവിടെ വച്ച് പനിയും തൊണ്ട വേദനയും മൂലം ഷിൻഡെയുടെ ആരോഗ്യ നില മോശമായിരുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ അപ്പോയിന്‍റുകളും റദ്ദാക്കി ഷിൻഡെ വിശ്രമമെടുത്തിലായിരുന്നു. ഒടുവിൽ തിങ്കളാഴ്ചയാണ് ഏകനാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ പിന്നെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായില്ല. തുടർന്നാണ് വീണ്ട് ഷിൻഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഡിസംബർ 5 ന് നടക്കും. മുഖ്യമന്ത്രിയായി ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി ഷിൻഡെയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിലവിൽ ഷിൻഡെയുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിൽ സത്യ പ്രതിജ്ഞയിൽ മാറ്റമുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.