
മുംബൈ: ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിന് പാർട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സാഹചര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഇതിനാൽ തന്നെ വരും ദിവസങ്ങൾ ഉദ്ധവ് താക്കറെയ്ക്ക് നിർണ്ണായകമാണ്. വലിയ തിരിച്ചടി ഇനിയും നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈയിൽ നിന്നുള്ള ഉദ്ധവ് താക്കറെ വിഭാഗത്തിലെ 40-ലധികം മുൻ കോർപ്പറേറ്റർമാരെ ഷിൻഡെയുമായി കൈകോർക്കാൻ ഷിൻഡെ വിഭാഗം ഒരു ടീമിന് രൂപം നൽകിയിട്ടുണ്ട്. അടുത്ത് നടന്നേക്കാവുന്ന ബിഎംസി തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ഇത് നിർണ്ണായകമായി മാറ്റിയേക്കാം. നാല് പതിറ്റാണ്ടുകളായി സേനയുടെ കോട്ടയായ മുംബൈ നഗരത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് തന്‍റെ വിഭാഗത്തിന് പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പരമാവധി ഉപയോഗിക്കും.
1995 മുതൽ പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ കീഴിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉദ്ധവ് താക്കറെയുടെ കീഴിലുമാണ് ശിവസേന നഗരം ഭരിക്കുന്നത്. ശിവസേനയുടെ മുൻ കോർപ്പറേറ്റർമാരുടെ പിന്തുണ ലഭിക്കുന്നത് ഷിൻഡെയെ രണ്ട് തരത്തിൽ സഹായിക്കും. ബിഎംസി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഇത് അദ്ദേഹത്തിന് നഗരത്തിലെ പാർട്ടി പ്രവർത്തകരിൽ നിയന്ത്രണം ലഭിക്കാനും ശക്തി വർദ്ധിപ്പിക്കാനും ഇടയാക്കും.
അതുപോലെ ബിഎംസി രാഷ്ട്രീയവുമായി അടുത്ത ബന്ധമുള്ള ആളുകളുടെ ഒരു സംഘം കഴിഞ്ഞ രണ്ട് മാസമായി സേനയുടെ മുൻ കോർപ്പറേറ്റർമാരെ ഉൾപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു.