

ഇപ്റ്റ സ്മൃതി സന്ധ്യ ശ്രദ്ധേയമായി
മുംബൈ: വയലാര്‍ രാമവര്‍മയുടെ കവിതകളും സിനിമാ ഗാനങ്ങളും, വര്‍ത്തമാനങ്ങളുമായി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം നടത്തിയ ''സത്യത്തിനെത്ര വയസ്സായി'' എന്ന സ്മൃതിസന്ധ്യ ശ്രദ്ധേയമായി.
വയലാറിന്‍റെ പ്രണയഗാനങ്ങളില്‍ സവിശേഷമായ ഒരു പച്ചമനുഷ്യന്‍റെ സ്പര്‍ശമുണ്ടെന്നും അദ്ദേഹത്തിന്‍റെ കവിതയില്‍ വിപ്ലവത്തിന്‍റെ അഗ്‌നി ഉണ്ടായിരുന്നെങ്കിലും, പ്രണയത്തില്‍ അത് ലോലമായ വികാരമായി രൂപാന്തരപ്പെട്ടുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നാടക പ്രവര്‍ത്തകനും പത്രാധിപരുമായ സുരേന്ദ്ര ബാബു പറഞ്ഞു.
കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ കാല്പനികതയുടെ നിഴല്‍പ്പാടുകള്‍ ഉണ്ടായിരുന്ന കവിതകള്‍ ആദ്യകാലത്ത് വയലാറില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും വളരെ വേഗത്തില്‍ തന്നെ ആ കാല്പനിക ചുവട് വിട്ട് വയലാര്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്കും വിപ്ലവ ചിന്തകളിലേക്കും തന്‍റെ കവിതകളെ പറിച്ചുനട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാബു സബാസ്റ്റ്യന്‍, പദ്മനാഭന്‍ നായര്‍, അനന്യ ദിലീപ്, വൈശാഖ് നായര്‍, ശേഷാദ്രിനാഥന്‍ അയ്യര്‍, അഭിരാമി ബിനീഷ്, ശ്രീറാം ശ്രീകാന്ത്, പദ്മനാഭ്, ശില്‍പ ഹരീഷ് നായര്‍, ഉണ്ണി ആചാരി, രാധിക മനോജ്, ഗ്രീഷ്മ ഷേണായ്, മനോജ്, സന്ധ്യ, അനയ്, ആദ്യ, മനോജ് ഐ.ജി, ശിവറാം എന്നിവര്‍ കവിതകള്‍ ആലപിച്ചും വയലാര്‍ സിനിമഗീതങ്ങള്‍ പാടിയും അവ വയലിനില്‍ വായിച്ചും ഏകോപനം നടത്തിയും വയലാര്‍ ഓര്‍മ്മകളെ താരാട്ടു പാടിയുണര്‍ത്തി.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു കോമത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരളീയ സമാജം (ഡോംബിവിലി) പ്രസിഡണ്ട് ഇ.പി. വാസു ആശംസകള്‍ അര്‍പ്പിച്ചു. ഇപ്റ്റയുടെ ബിജു കോമതും വി. സുബ്രഹ്‌മണ്യനും ചേര്‍ന്ന് സുരേന്ദ്ര ബാബുവിന് ഫലകം നല്‍കി ആദരിച്ചു. ജോയിന്‍റ് സെക്രട്ടറി എന്‍.കെ. ബാബു നന്ദി പറഞ്ഞു.