

സംഭാജി നഗറിലെ കുല്‍ദാബാദിലാണ് സ്മാരകം
മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെ, സ്മാരകത്തിന് കനത്ത സുരക്ഷയേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭാജി നഗറിലെ കുല്‍ദാബാദിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് വന്‍പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി ശിവസേന ഷിന്‍ഡെ വിഭാഗം നേതാക്കളും ബിജെപി നേതാക്കളും ശവകുടിരം പൊളിച്ചുമാറ്റണമെന്നും ബുള്‍ഡോസര്‍ വച്ച് ഇടിച്ച് തകര്‍ക്കുമെന്നും പ്രസ്താവനകള്‍ ഇറക്കിയിരുന്നു.
ശിവസേന യുബിടിയും കോണ്‍ഗ്രസും ശരദ് പവാറും ഇതിനെതിരെ രംഗത്ത് വന്നെതോടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രതിഷേധത്തിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാഗ്പുരില്‍ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. സമരക്കാരെയും പ്രതിഷേധക്കാരെയും പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഉണ്ടായ കല്ലേറില്‍ ഒട്ടേറെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ആരെങ്കിലും സമൂഹത്തില്‍ ആക്രമം അഴിച്ചുവിടാന്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കില്‍ അവരെ നേരിടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് വ്യക്തമാക്കി. നേരത്തെ വേണ്ടി വന്നാല്‍ നിയമത്തിന്റെ സഹായത്തോടെ ഔറംഗസേബിൻറെ ശവകുടീരം പൊളിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തി ശവകുടീരത്തിന് സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇതിന്പിന്നാലെയാണ് ഫഡ്‌നാവിസിന്റെ തട്ടകമായ നാഗ്പുരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്.
'നാഗ്പൂരിലെ മഹല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായ രീതി അങ്ങേയറ്റം അപലപനീയമാണ്. പൊലീസിനു നേരെയും കല്ലെറിഞ്ഞു. ഇത് തെറ്റാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പാലീസ് കമ്മീഷണറോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും കലാപം നടത്തുകയോ കല്ലെറിയുകയോ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്താല്‍, അത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നാഗ്പൂരിലെ സമാധാനം തകര്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും പെരുമാറണമെന്നും ഫഡ്‌നാവീസ് ആവശ്യപ്പെട്ടു.
ഔറഗസേബിന്റെ ശവകൂടീരത്തിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്് സംസ്ഥാനത്ത് എങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.