
മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടെ യാത്ര വിഷയങ്ങളിൽ കൈകോർത്ത് ഫെഗ്‌മയും. (ഫെഡറേഷൻ ഓഫ് ഗുജാറാത്ത് മലയാളി അസോസ്സിയേഷൻസ്) യാത്ര കൺവെൻഷൻ സെപ്റ്റംബർ 10ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 ന് വസായ് ബേസ്സിൻ കേരളാ സമാജം ബി കെ എസ് ഹൈസ്‌കൂൾ & ജൂനിയർ കോളേജിൽ വെച്ചാണ് നടക്കുന്നത്.
മുംബൈയിലെ വെസ്റ്റേൺ മേഖലകളായ ദഹാനു റോഡ്, ബോയ്സർ , പാൽഘർ , വിരാർ മുതൽ ബാന്ദ്ര വരെയുള്ള നിരവധി മലയാളികൾ, കൊങ്കൺ വാസികൾ ,കർണ്ണാടകക്കാർ താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് അവരവരുടെ നാടുകളിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും വൽസാഡ് - തിരുവനന്തപുരം ( വസായ് - പനവേൽ വഴി )ഒരു പുതിയ ട്രെയിൻ എന്നതാണ് പ്രധാന ആവശ്യമെന്ന് സംയുക്ത വാർത്താ കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
ഇത് കൂടാതെ വസായി വഴി ഗുജറാത്തിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടെങ്കിലും അപര്യാപ്തമായ റിസർവേഷൻ ക്വോട്ട കാരണം ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോകാൻ ആശ്രയിക്കുന്നത് കുർളാ എൽ ടി ടി , പനവേൽ മുതലായ റെയിൽവേ സ്റ്റേഷനുകളാണ്.
നേരിട്ട് ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ട് യാത്ര ചെയ്താണ് കേരളത്തിലേക്കുള്ള ട്രെയിൻ പിടിക്കുവാൻ പോകുന്നത്. ഞായാറാഴ്ച റെയിൽവേ മെഗാ ബ്ലോക്ക് ദിവസങ്ങളിൽ ടാക്സി പിടിച്ച് ഭീമമായ തുക നൽകിയാണ് ഓരോ കുടുംബങ്ങളും നാട്ടിലേക്ക് തിരിക്കുന്നതെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
നിരവധി വർഷങ്ങളായി വെസ്റ്റേൺ മേഖലയിൽ താമസിക്കുന്നവർക്ക് നാട്ടിലേക്ക് പോകുവാൻ നേരിട്ട് ട്രെയിൻ ലഭിക്കുവാൻ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഇതുവരെ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.
ഈ പശ്ചാത്തലത്തിൽ ഫെയ്മ മഹാരാഷ്ട്രയുടെ സഹകരണത്തോടു കൂടി ബോറിവലി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ വെസ്റ്റേൺ മേഖലയിലെ സംഘടനകളെയെല്ലാം വിളിച്ച് കൂട്ടിയ യോഗത്തിൽ ദഹാനു റോഡ് മുതൽ ബാന്ദ്ര വരെയുള്ള വിവിധ സംഘടനകളുടെ യോഗ തീരുമാനപ്രകാരം വെസ്റ്റേൺ മേഖല യാത്ര സഹായ വേദി രൂപീകരിക്കുകയും സംയുക്തമായി റെയിൽവെ ഉദ്യോഗസ്ഥരെ നിരന്തരം കണ്ട് ചർച്ച നടത്തുകയും ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ നൽകുകയുണ്ടായി.
മുംബൈയിൽ നടന്ന കഴിഞ്ഞ റെയിൽവേ പാർലമെന്ററി കാര്യസമിതി യോഗത്തിൽ പങ്കെടുക്കുവാൻ ക്ഷണം ലഭിച്ചതിനെ തുടർന്ന് സംഘടന നേതാക്കൾ പങ്കെടുക്കുകയും മേഖലയിലെ പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനവും നൽകി. പ്രസ്തുത യോഗത്തിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ , വെസ്റ്റേൺ റെയിൽവെ ഡിവിഷണൽ റെയിൽവേ മാനേജർ എന്നീ മുതിർന്ന ഉദ്യോഗസ്ഥരോട് റെയിൽവെ പാർലമെന്ററി കമ്മറ്റി അംഗമായ സുരേഷ് കൊടിക്കുന്നിൽ എം പി നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിവിധ സംഘടനകൾ തയ്യാറാക്കിയ നിവേദനങ്ങൾ ക്രോഡീകരിച്ച് DRM ഓഫീസിൽ നൽകുകയുണ്ടായി. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ബാന്ദ്രയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കാൻ സാങ്കേതികമായ നിരവധി പ്രശ്നമുണ്ടെന്നും വൽസാഡിൽ പിറ്റ് ലൈനും മെയിന്റനസ്സ് സൗകര്യവും ലഭ്യമായതിനാൽ വൽസാഡിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്.
വൽസാഡ്,വാപ്പി, ദഹാനുറോഡ്, ബോയ്സർ ,പാൽഘർ , വിരാർ,വസായ് റോഡ് വഴി കേരളത്തിലേക്ക് ട്രെയിൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ വൽസാഡ്, വാപ്പി മേഖലയിലെ മലയാളി സംഘടനകളുമായി നടന്ന ചർച്ചയിൽ ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസോസ്സിയേഷൻസ് (FEGMA) പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫെഗ്മ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര പ്രധിനിധികളെ അറിയിക്കുകയും ഈ ആവശ്യം സാക്ഷാത്കരിക്കുവാൻ വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾക്ക് ഫെഗ്മ ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരവധി വർഷങ്ങളായി വെസ്റ്റേൺ മേഖലയിലെ മലയാളികൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം ലഭിക്കുക എന്ന ഒരൊറ്റ അജണ്ടയിൽ നടക്കുന്ന യാത്ര കൺവെൻഷനിൽ എല്ലാ മലയാളി സംഘടനകളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്
യാത്ര സഹായ വേദി വെസ്റ്റേൺ മേഖല
പി വി കെ നമ്പ്യാർ
ചെയർമാൻ
+91 99300 79652
പ്രസന്നൻ പിള്ള
കൺവീനർ
8669856181
അനു ബി നായർ
കോർഡിനേറ്റർ
+91 99675 05976
ഫെഗ്മ ഗുജറാത്ത്
വിവേകാനന്ദൻ
വൈസ് പ്രസിഡണ്ട്
+91 94089 55101
രാജേഷ് കുറുപ്പ്
ഖജാൻജി
+91 93773 02986