ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ്: തൊഴിൽ-നൈപുണ്യ സഞ്ചാരത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ സംസാരിക്കും

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന 17-ാമത് ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് (GSS) 2026 ഓഗസ്റ്റ് 12, 13 തീയതികളിൽ
FICCI Global skill summit 2026

ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് - 2026

Updated on

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന 17-ാമത് ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് (GSS) 2026 ഓഗസ്റ്റ് 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഫിക്കി ഫെഡറേഷൻ ഹൗസിൽ നടക്കും. സമ്മേളനത്തിലെ പ്രമുഖ പ്രഭാഷകരിൽ ഒരാളായി സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റർ ഡോ. സുരേഷ് കുമാർ പങ്കെടുക്കും.

നൈപുണ്യ വികസനം, തൊഴിൽ, ആഗോള തൊഴിൽസാധ്യതകൾ, ഭാവിയിലെ തൊഴിൽമേഖലകളുടെ ആവശ്യകതകൾ തുടങ്ങിയ വിഷയങ്ങളിൽ നയരൂപകർത്താക്കൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, തൊഴിലുടമകൾ, വിദ്യാഭ്യാസ-നൈപുണ്യ വികസന സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരെ ഒരേ വേദിയിൽ കൊണ്ടുവരുന്ന രാജ്യത്തെ പ്രധാന നൈപുണ്യ വികസന സമ്മേളനങ്ങളിലൊന്നാണ് ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ്. ഇന്ത്യയുടെ നൈപുണ്യ വികസന സംവിധാനത്തെ വ്യവസായത്തിന്‍റെയും ആഗോള തൊഴിൽ വിപണിയുടെയും ആവശ്യങ്ങളുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വർഷങ്ങളായി സമ്മേളനം വേദിയൊരുക്കിവരുന്നു.

'Skills for the Intelligent Age: Expanding Pathways, Shaping Possibilities' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ പ്രമേയം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റലൈസേഷൻ, മാറുന്ന ജനസംഖ്യാ ഘടന, പുതിയ തൊഴിൽ മാതൃകകൾ എന്നിവ ലോക തൊഴിൽ വിപണിയെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാവിക്ക് അനുയോജ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുക, വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ സഹകരണം ശക്തിപ്പെടുത്തുക, യുവാക്കളുടെ തൊഴിൽക്ഷമത ഉയർത്തുക, ഇന്ത്യൻ നൈപുണ്യശേഷിക്ക് ആഗോള അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന 'Intelligent Pathways for Global Talent and Mobility' എന്ന പ്രത്യേക സെഷനിലാണ് ഡോ. സുരേഷ് കുമാർ സംസാരിക്കുന്നത്. രാജ്യാന്തര തൊഴിൽ സഞ്ചാരം, വിദേശ റിക്രൂട്ട്മെന്‍റ്, വിവിധ രാജ്യങ്ങൾക്കിടയിലെ നൈപുണ്യ തൊഴിലാളികളുടെ സഞ്ചാരം, മാറുന്ന ആഗോള തൊഴിൽ വിപണിയിലെ അവസരങ്ങളും വെല്ലുവിളികളും എന്നിവ സെഷൻ വിശദമായി വിലയിരുത്തും.

ആഗോള റിക്രൂട്ട്മെന്‍റിലും വർക്ക്‌ഫോഴ്‌സ് മൊബിലിറ്റിയിലും സീഗൾ ഇന്‍റർനാഷണൽ ഗ്രൂപ്പിനുള്ള നാല് പതിറ്റാണ്ടിലേറെ നീണ്ട അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, ആഗോള തൊഴിൽ വിപണിയിൽ ഇന്ത്യൻ നൈപുണ്യശേഷിയുടെ വർധിച്ചുവരുന്ന പ്രാധാന്യം ഡോ. സുരേഷ് കുമാർ അവതരിപ്പിക്കും. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ അംഗീകാരവും, ഭാഷാ-സാംസ്കാരിക പരിശീലനം, ധാർമ്മികവും സുതാര്യവുമായ റിക്രൂട്ട്മെന്‍റ്, ഡിജിറ്റൽ ക്രെഡൻഷ്യലുകൾ, സാങ്കേതികവിദ്യയുടെ പ്രയോജനം, വിവിധ രാജ്യങ്ങളിലെ സർക്കാരുകളും വ്യവസായ മേഖലയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കും.

ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ്: തൊഴിൽ-നൈപുണ്യ സഞ്ചാരത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ സംസാരിക്കും

ഡോ. സുരേഷ് കുമാർ മധുസൂദനൻ.

ഗതി ഫൗണ്ടേഷൻ സിഇഒ അർണബ് ഭട്ടാചാര്യ മോഡറേറ്ററാകുന്ന സെഷനിൽ ബോഷ് ലിമിറ്റഡിലെ ഉമ ഡി ബോസ്, ഹൈഫീൽഡ് ഇന്‍റർനാഷണൽ യു.കെ.യിലെ എഡ്വേർഡ് ജെ.എഫ്. ഡോസൺ, കെയർസോഫ്റ്റ് ഗ്ലോബൽ പ്രസിഡന്‍റ് ടെറി വോയ്ചോവ്സ്കി, ക്വെസ് റിക്രൂട്ട്മെന്‍റ് ആൻഡ് സെർച്ച് ആൻഡ് ഇന്‍റർനാഷണൽ ടാലന്‍റ് മൊബിലിറ്റിയിലെ സഞ്ജയ് ഷെട്ടി, GIZ ഇന്ത്യയിലെ മുഹമ്മദ് ബദ്രാൻ എന്നിവരും പങ്കെടുക്കും.

''ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യ മനുഷ്യവിഭവ കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. തൊഴിലാളികളെ വിദേശത്തേക്ക് അയയ്ക്കുന്നതിൽ മാത്രം നമ്മുടെ സമീപനം ഒതുങ്ങരുത്. നൈപുണ്യ പരിശീലനം, രാജ്യാന്തര നിലവാരം, സർട്ടിഫിക്കേഷൻ, സാങ്കേതികവിദ്യ, ഭാഷാ പരിജ്ഞാനം, സാംസ്കാരിക തയ്യാറെടുപ്പ് എന്നിവയെ യഥാർത്ഥ ആഗോള തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ധാർമ്മികവും കാര്യക്ഷമവുമായ പുതിയ തൊഴിൽപാതകൾ സൃഷ്ടിക്കണം. തൊഴിലാളിക്കും തൊഴിലുടമയ്ക്കും തൊഴിലാളിയെ അയക്കുന്ന രാജ്യത്തിനും സ്വീകരിക്കുന്ന രാജ്യത്തിനും ഒരുപോലെ ഗുണകരമാകുന്നതായിരിക്കണം ആഗോള തൊഴിൽ സഞ്ചാരം''- സമ്മേളനത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ പറഞ്ഞു.

പ്രായമേറുന്ന ജനസംഖ്യയും വിവിധ മേഖലകളിലെ നൈപുണ്യ തൊഴിലാളികളുടെ ക്ഷാമവും പല രാജ്യങ്ങളും നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യയെ കേവലം തൊഴിലാളികളെ നൽകുന്ന രാജ്യമെന്നതിൽ നിന്ന് വിശ്വസനീയമായ ആഗോള നൈപുണ്യ-മനുഷ്യവിഭവ പങ്കാളിയായി ഉയർത്തുന്നതിനുള്ള ആശയങ്ങൾക്കും നയചർച്ചകൾക്കും ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് 2026 വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

logo
Metro Vaartha
www.metrovaartha.com