
സെയ്ഫ് അലി ഖാൻ, പ്രതി ഷെരീഫുൾ ഇസ്‌ലാം
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ വഴിത്തിരിവ്. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് നടന്‍റെ വസതിയിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾക്ക് പ്രതി ഷെരീഫുൾ ഇസ്‌ലാമിന്‍റേതുമായി പൊരുത്തമില്ലെന്നാണ് വിവരം.
സിഐഡിയുടെ ഫിംഗർ പ്രിന്‍റ് ബ‍്യൂറോയിലേക്ക് 20 സാംപിളുകൾ അയച്ചിരുന്നു. എന്നാൽ ഇവയിൽ 19 എണ്ണത്തിനും പ്രതിയുടെ വിരലടയാളവുമായി സാമ്യമില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ശുചിമുറി, കിടപ്പുമുറി, അലമാര എന്നിവിടങ്ങളിൽ നിന്നു ലഭിച്ച വിരലടയാളങ്ങൾ പ്രതിയുടേതല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്നു കിട്ടിയ ഒരു സാംപിളിനു പ്രതിയുടേതുമായി സാമ‍്യമുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു മുംബൈ പൊലീസ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ 1000 പേജ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ബംഗ്ലാദേശ് പൗരനാണെന്ന് കുറ്റപത്രത്തിൽ സ്ഥിരീകരിച്ചിരുന്നു. ജനുവരിയിണു സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയിൽ വച്ച് കുത്തേറ്റത്.