
മുംബൈ: മുളുണ്ട് വെസ്റ്റിലെ ജാഗ്രതി സൊസൈറ്റിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പത്ത് പേരെ മൂലുണ്ടിലെ അഗ്രവാൾ ആശുപത്രിയിലാണ് ഇന്നലെ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 10 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞും ഉൾപ്പെടുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് എല്ലാവരും ചികിത്സ തേടിയത്.
വിത്തൽ നഗറിലെ ഏഴുനില സമുച്ചയമായ സൊസൈറ്റിയിലാണ് ഇന്നലെ വൈകീട്ട് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കോമൺ ഇലക്‌ട്രിക് മീറ്റർ കാബിനിലെ ഇലക്ട്രിക് വയറിങ്, ഇലക്ട്രിക് ഇൻസ്റ്റാളേഷൻ, ഇലക്ട്രിക് മെയിൻ കേബിളുകൾ, മീറ്ററുകൾ, സ്വിച്ചുകൾ എന്നിവയിലാണ് തീപിടിത്തമുണ്ടായത്.
വൈദ്യുതിയും പിഎൻജി വിതരണവും വിച്ഛേദിച്ച് മോട്ടോർ പമ്പ് ഉപയോഗിച്ച് മുംബൈ അഗ്നിശമന സേന തീ അണച്ചു.പക്ഷേ ബിൽഡിങ്ങിൽ മുഴുവൻ പുക നിറഞ്ഞതിനാൽ ചില താമസക്കാർ ബില്ഡിങ്ങിനകത്തു തന്നെ കുടുങ്ങുക ആയിരുന്നു.
മുളുണ്ട് ഫയർ സ്റ്റേഷനിലെ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ വന്നാണ് 80 താമസക്കാരെ രക്ഷപ്പെടുത്തിയത്.
ഇതിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ട് പേരെ ജനറൽ വാർഡിലും രണ്ട് പേർ ഐസിയുവിലും പ്രവേശിപ്പിച്ചു. എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ അഗ്നിശമന സേന അന്വേഷണം നടത്തിവരികയാണ്.